ബാങ്കോക്ക്: തായ്‌ലൻഡിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ പട്ടായയിൽ തെരുവിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ രണ്ട് അമേരിക്കൻ സൈനികരെ അധികൃതർ തിരികെ വിമാനവാഹിനിക്കപ്പലിലേക്ക് കയറ്റി അയച്ചു. യു.എസ്.എസ് അബ്രഹാം ലിങ്കൺ (USS Abraham Lincoln) എന്ന അമേരിക്കൻ യുദ്ധക്കപ്പലിലെ നാവികരാണ് സംഭവത്തിൽ ഉൾപ്പെട്ടത്.
പട്ടായയിലെ നൈറ്റ്‌ലൈഫ് കേന്ദ്രമായ ‘വാക്കിംഗ് സ്ട്രീറ്റിന്’ സമീപം വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ രണ്ട് നാവികർ തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുകയും ബഹളമുണ്ടാക്കുകയുമായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും തായ്‌ലൻഡ് നിയമങ്ങൾ ലംഘിക്കാത്തതിനാൽ ഇവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും പ്രാദേശിക പോലീസ് അറിയിച്ചു. എന്നാൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ഇവരെ യുഎസ് നേവി തിരികെ കപ്പലിലേക്ക് മാറ്റുകയായിരുന്നു.
പശ്ചിമേഷ്യൻ കടലിൽ മാസങ്ങളോളം നീണ്ട സൈനിക സേവനത്തിന് ശേഷം വിശ്രമത്തിനായാണ് 5,000-ഓളം സൈനികരുമായി യു.എസ്.എസ് അബ്രഹാം ലിങ്കൺ കപ്പൽ തായ്‌ലൻഡ് തീരത്തെത്തിയത്. എന്നാൽ കരയിലിറങ്ങിയ ആദ്യ ദിനങ്ങളിൽ തന്നെ നാവികരുടെ ഭാഗത്തുനിന്നുണ്ടായ അച്ചടക്കലംഘനം വലിയ വാർത്തയായിട്ടുണ്ട്.

















