വത്തിക്കാൻ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുതിയ മെത്രാന്മാർക്കായി വത്തിക്കാനിൽ പ്രത്യേക പരിശീലന കോഴ്‌സിന് തുടക്കമായി. സെപ്റ്റംബർ 2 മുതൽ 10 വരെ നീണ്ടുനിൽക്കുന്ന ഈ പരിശീലന പരിപാടിയിൽ മെത്രാന്മാരുടെ ആത്മീയവും ഭരണപരവുമായ ചുമതലകളെക്കുറിച്ചുള്ള പഠനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സഭയുടെ ആധുനിക ദൗത്യം, ആഗോള പ്രേഷിത മേഖലകളിലെ പ്രവർത്തനം, സഭാ കൂട്ടായ്മ ശക്തമാക്കൽ തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള ചിന്തകളും ചർച്ചകളും ക്ലാസുകളിൽ നടക്കും. കൂടാതെ, കുട്ടികളുടെയും സഭയിലെ ദുർബല വിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കൽ, ആരാധനാക്രമത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കൽ എന്നിവയും പ്രധാന ചർച്ചാവിഷയങ്ങളാകും.
സെപ്റ്റംബർ 2-ന് ദൈവാരാധനയ്ക്കും കൂദാശകൾക്കും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ ആർതർ റോച്ചിന്റെ പ്രസംഗത്തോടെയാണ് പരിശീലനം ആരംഭിച്ചത്. തുടർന്ന് പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ ക്ലോഡിയോ ഗുഗെറോട്ടി, ഡിക്കാസ്റ്ററി സെക്രട്ടറി ആർച്ച് ബിഷപ്പ് വിറ്റോറിയോ വിയോള എന്നിവർ വിവിധ വിഷയങ്ങളിൽ സന്ദേശം നൽകി.
ഓരോ ദിവസവും വത്തിക്കാനിലെ പ്രമുഖ വ്യക്തിത്വങ്ങൾ ക്ലാസുകൾ നയിക്കും. സെപ്റ്റംബർ 10-ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനകളോടെയും ലെയോ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയോടെയും പരിശീലന പരിപാടികൾ അവസാനിക്കും.

















