പാലാ: പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച അന്തിമ വിജ്ഞാപനം സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് വിധേയമായി നടപ്പാക്കാൻ കേന്ദ്ര സർക്കാരിൽ കടുത്ത സമ്മർദ്ദം ചെലുത്തണമെന്ന് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പ് ആവശ്യപ്പെട്ടു. മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കകൾ പൂർണ്ണമായും പരിഹരിക്കുന്ന രീതിയിലാവണം കേന്ദ്ര വിജ്ഞാപനം വരേണ്ടത്.
ജനവാസ മേഖലകളിൽ നിരന്തരം ഉണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടികൾ സ്വീകരിക്കണം. വന്യമൃഗങ്ങളുടെ ഭീഷണി മൂലം കർഷകർക്കും മലയോര നിവാസികൾക്കും സ്വതന്ത്രമായി ജീവിക്കാനും കൃഷി ചെയ്യാനും കഴിയാത്ത സാഹചര്യമാണുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കണമെന്നും യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

















