സതീശനിലൂടെ ബി.ജെ.പി ഭരണം നടപ്പാക്കുന്നു; യു.ഡി.എഫിനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ജോസ് കെ. മാണി
പാലാ: കേരളത്തിൽ ഇപ്പോൾ ‘സതീശൻ നയിക്കുന്നു, ബി.ജെ.പി ഭരിക്കുന്നു’ എന്ന അവസ്ഥയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിലൂടെ ബി.ജെ.പി തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾ ഭരണതലത്തിൽ നടപ്പാക്കുകയാണെന്നും പി.എം ശ്രീ, ലൈഫ് ഭവന പദ്ധതി എന്നിവയിലെ ബി.ജെ.പി അജണ്ടകൾക്ക് മുന്നിൽ യു.ഡി.എഫ് സർക്കാർ കീഴടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പ് പാലായിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണിയിലെ പദവികൾ സംബന്ധിച്ച പരസ്യമായ കലഹം ഇടതുമുന്നണിയിൽ നിന്നും ജനങ്ങൾ കൂടുതൽ അകലുന്നതിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേന്ദ്രസർക്കാരിന്റെ വർഗീയ അജണ്ടകൾക്ക് വഴങ്ങാതെ ജനങ്ങൾക്കൊപ്പം നിന്ന് വികസന-ക്ഷേമപ്രവർത്തനങ്ങൾ ഏറെ നടത്തിയിട്ടും എന്തുകൊണ്ട് വലിയ തിരിച്ചടി സംഭവിച്ചു എന്നതിനെക്കുറിച്ച് ആഴത്തിലുള്ള വിലയിരുത്തലുകളും തിരുത്തലുകളുമാണ് എൽ.ഡി.എഫിന് ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതല്ലാത്ത നിലപാടുകൾ രാഷ്ട്രീയ ആത്മഹത്യക്ക് തുല്യമായിരിക്കുമെന്ന ധാരണ മുന്നണിയിലെ എല്ലാ ഘടകകക്ഷികൾക്കും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രളയം അടക്കമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഭരണനേതൃത്വം വലിയ പരാജയമായിരുന്നുവെന്നും, മന്ത്രിമാർ പരസ്പരവിരുദ്ധമായി സംസാരിക്കുന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമില്ലായ്മയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

















