ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒയുടെ (ISRO) മുൻനിര കേന്ദ്രങ്ങളുടെ തലപ്പത്ത് നിർണ്ണായക മാറ്റങ്ങൾ. ഗഗൻയാൻ പദ്ധതിയുടെ പ്രധാന ചുമതലയുള്ള ബെംഗളൂരു ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ (HSFC) പുതിയ ഡയറക്ടറായി മലയാളി ശാസ്ത്രജ്ഞൻ എസ്.ആർ. ബിജുവിനെ നിയമിച്ചു. ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാന്റെ ആദ്യ ആളില്ലാ ദൗത്യത്തിന് നേതൃത്വം നൽകുക എസ്.ആർ. ബിജുവായിരിക്കും. പി.എസ്.എൽ.വിയുടെ (PSLV) നിരവധി നിർണായക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള പ്രമുഖ ശാസ്ത്രജ്ഞനാണ് അദ്ദേഹം.
ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ നിർമ്മാണ കേന്ദ്രമായ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിലും (URSC) പുതിയ മേധാവിയെ പ്രഖ്യാപിച്ചു. നിലവിലെ മേധാവി എം. ശങ്കരൻ വിരമിക്കുന്ന ഒഴിവിൽ, നിലവിൽ എച്ച്.എസ്.എഫ്.സി തലവനായി സേവനമനുഷ്ഠിക്കുന്ന ഡി.കെ. സിങ് പുതിയ യു.ആർ.എസ്.സി ഡയറക്ടറാകും. ഓഗസ്റ്റ് 31-ന് അദ്ദേഹം സ്ഥാനമേറ്റെടുക്കും.
ബഹിരാകാശ ഗവേഷണ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി യു.ആർ.എസ്.സിയിൽ പുതുതായി സൃഷ്ടിച്ച രണ്ട് പ്രധാന തസ്തികകളിലേക്കും നിയമനം നടന്നു. ആർ ആൻഡ് ഡി (R&D) വിഭാഗം ഡയറക്ടറായി എസ്. സുധാകറിനെയും പ്രൊജക്ട്സ് വിഭാഗം ഡയറക്ടറായി ജസ്വിന്ദർ സിങ് ഖൊറാലിനെയും നിയമിച്ചു.

















