നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) യു.ജി.സി നെറ്റ് 2026 പരീക്ഷയുടെ ഫൈനൽ ആൻസർ കീ പ്രസിദ്ധീകരിച്ചു. മൊത്തം 84 വിഷയങ്ങളുടെ ഫൈനൽ ആൻസർ കീയാണ് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in വഴി ഉദ്യോഗാർത്ഥികൾക്കായി ലഭ്യമാക്കിയിട്ടുള്ളത്. പരീക്ഷ എഴുതിയവർക്ക് ആൻസർ കീ പരിശോധച്ച് തങ്ങളുടെ പ്രതീക്ഷിക്കുന്ന സ്കോറുകൾ കണക്കാക്കാം.
മുമ്പ് നൽകിയ പ്രൊവിഷണൽ ആൻസർ കീകളിന്മേൽ ഉദ്യോഗാർത്ഥികൾ ഉന്നയിച്ച ആക്ഷേപങ്ങളും പരാതികളും വിദഗ്ധ സമിതി വിശദമായി പരിശോധിച്ച ശേഷമാണ് എൻ.ടി.എ ഈ ഫൈനൽ ആൻസർ കീ തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ മൂല്യനിർണ്ണയ പ്രക്രിയകൾ നടക്കുക. പരീക്ഷാ ഫലവും സ്കോർകാർഡും ഉടൻ തന്നെ പ്രസിദ്ധീകരിക്കും. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF), അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത, പി.എച്ച്.ഡി അഡ്മിഷൻ എന്നിവയ്ക്ക വേണ്ടിയാണ് നെറ്റ് പരീക്ഷ നടത്തുന്നത്.
ജൂൺ 22 മുതൽ 30 വരെ 87 വിഷയങ്ങളിലായി നടന്ന പരീക്ഷയിൽ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി ചോദ്യപ്പേപ്പറുകളിൽ പിഴവുകൾ കണ്ടെത്തിയിരുന്നു. വസ്തുതാപരമായ തെറ്റുകളും അച്ചടി-പരിഭാഷാ പിഴവുകളും ബോധ്യപ്പെട്ടതിനെ തുടർന്ന് ഈ മൂന്ന് വിഷയങ്ങളുടെ പരീക്ഷകൾ റദ്ദാക്കുകയും വീണ്ടും നടത്താൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ റദ്ദാക്കിയ ഈ മൂന്ന് വിഷയങ്ങളൊഴികെയുള്ള ബാക്കി 84 വിഷയങ്ങളുടെ ഫൈനൽ ആൻസർ കീയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

















