പാലാ: ഇത്തവണത്തെ ഓണത്തിന് ഗുണമേന്മയുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അഗ്രിമ ഒരുക്കുന്ന ഓണ വിപണിക്ക് തുടക്കമായി. അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ വെച്ച് നടന്ന ചടങ്ങിൽ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഓണ വിപണിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ഏത്തയ്ക്കാ ചിപ്സ്, ശർക്കര വരട്ടി എന്നിവയ്ക്ക് പുറമെ പാലാ നോവ ഓണപ്പായസവും വിപണിയിൽ ലഭ്യമാണ്. കൂടാതെ തിരക്കേറിയ ഓണക്കാലത്ത് വീട്ടമ്മമാർക്ക് ആശ്വാസമായി സാമ്പാർ, അവിയൽ തുടങ്ങിയ കറികൾക്കായുള്ള കട്ടിക്കട്ടുകളും (Cut Vegetables) ഇത്തവണ വിപണിയിൽ ഒരുക്കിയിട്ടുണ്ട്.
സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, ഫാ. മാത്യു പുളിയ്ക്കപ്പറമ്പിൽ, അഗ്രിമ മാനേജർ ടോണി കണിപറമ്പിൽ, ജോയി വട്ടക്കുന്നേൽ, ആലീസ് ജോർജ്, ജയ്സി മാത്യു തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
















