തിരുവനന്തപുരം / പാലാ: ഡയറക്ടറേറ്റ് ഓഫ് സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് സംഘടിപ്പിച്ച പ്രഥമ കേരള കോളേജ് സ്‌പോർട്‌സ് ലീഗ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പാലാ സെന്റ് തോമസ് കോളേജ് (ഓട്ടോണമസ്) ചാമ്പ്യന്മാരായി. തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ മാവേലിക്കര ബിഷപ്പ് മൂർ കോളേജിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് (20-25, 25-18, 34-32, 25-22) കീഴടക്കിയാണ് സെന്റ് തോമസ് കോളേജ് ട്രോഫിയും ഒരു ലക്ഷം രൂപ സമ്മാനത്തുകയും സ്വന്തമാക്കിയത്.
ടൂർണമെന്റിലുടനീളം അപരാജിത കുതിപ്പ് തുടർന്ന ടീമിന് ഞായറാഴ്ച കോളേജിൽ വൻ സ്വീകരണം നൽകി. കഠിനധ്വാനം കൊണ്ട് നേടിയ ഈ പ്രൗഢഗംഭീരമായ വിജയോത്സവ ട്രോഫി താരങ്ങൾ കോളേജ് അധികൃതർക്ക് കൈമാറി. ചടങ്ങിൽ കോളേജ് മാനേജരും പാലാ രൂപതാ മുഖ്യ വികാരിജനറലുമായ മോൺ. ഡോ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടോജി തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ, ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കായിക വകുപ്പ് മേധാവി ഡോ. ആശിഷ് ജോസഫ്, പ്രൈം വോളി ലീഗ് താരം സൂര്യ സന്തോഷ് എന്നിവർ പങ്കെടുത്തു.
കേരള സ്‌പോർട്‌സ് കൗൺസിൽ പരിശീലകൻ ജോബി തോമസ്, ടീം മാനേജർ ഡോ. ജിൻസ് കാപ്പൻ എന്നിവരുടെ ശിക്ഷണത്തിലാണ് ടീം ചാമ്പ്യന്മാരായത്. ഫൈനലിലെ മികച്ച താരമായി സെന്റ് തോമസിലെ നവനീതിനെയും, ടൂർണമെന്റിലെ മികച്ച സെറ്ററായി ക്യാപ്റ്റൻ അലി അക്ബർ, മികച്ച അറ്റാക്കറായി ജെബിൻ ജയിംസ്, മികച്ച യൂണിവേഴ്‌സൽ അറ്റാക്കറായി ജോം ജോസഫ്, മികച്ച ലിബറോയായി സൂര്യ സന്തോഷ് എന്നിവരെയും തിരഞ്ഞെടുത്തു.
















