ലോകത്തിലെ തന്നെ ചെറുരാജ്യങ്ങളിലൊന്നായ സാൻ മരീനോയില്‍ ലെയോ പാപ്പ സന്ദര്‍ശനം നടത്തി. ഇന്നലെ ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ വത്തിക്കാനിൽനിന്ന് ഹെലികോപ്റ്ററിലാണ് പാപ്പ സാൻ മരീനോയില്‍ എത്തിച്ചേര്‍ന്നത്. രാവിലെ എട്ടുമണിയോടെ വത്തിക്കാനിലെ
ഹെലിപാഡിൽനിന്ന് യാത്ര തിരിച്ച പാപ്പ, എട്ടേമുക്കാലോടെയാണ് സാൻ മരീനോയിലുള്ള തൊറാച്ച ഹെലിപാഡിലെത്തിയത്. നാലാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഉണ്ടായിരുന്ന സാൻ മരീനോയിലെത്തിയ പാപ്പയ്ക്ക്, റീജന്റ് ക്യാപ്റ്റന്മാരുടെ നേതൃത്വത്തിൽ രാജ്യം സ്വാഗതമേകി.
കൊൺസീലിയോ ഗ്രാന്തെശാലയിൽ വച്ച് രാജ്യത്തെ ഔദ്യോഗിക, രാഷ്ട്രീയ നേതൃത്വങ്ങളുടെ സാന്നിദ്ധ്യത്തിൽ തന്റെ ആദ്യ പ്രഭാഷണം നടത്തിയ പാപ്പ, പൊതുകൊട്ടാരത്തിന്റെ മട്ടുപ്പാവിൽ നിന്നുകൊണ്ട്, മുന്നിലെ ചത്വരത്തിലുണ്ടായിരുന്ന വിശ്വാസികളെ അഭിവാദ്യം ചെയ്തു. രാജ്യത്ത് ഔദ്യോഗിക, സഭാ നേതൃത്വങ്ങളും പൗരസമിതിയും വിശ്വാസികളും ഉൾക്കൊള്ളുന്ന സമൂഹത്തോട് നടത്തിയ പ്രഭാഷണങ്ങളിൽ രാജ്യത്തിന്റെ പുരാതനചരിത്രവും, വിശ്വാസപരമ്പര്യവും, മാതൃകാപരമായ സാമൂഹിക, രാഷ്ട്രീയ നയങ്ങളും ലെയോ പാപ്പ എടുത്തുകാട്ടി.
















