ആലപ്പുഴ: നെഹ്‌റു ട്രോഫിക്കായുള്ള ജലരാജാക്കന്മാരുടെ പോരാട്ടത്തിന് പുന്നമടക്കായൽ ഒരുങ്ങി. 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സഹകരണ-എക്സൈസ് മന്ത്രി എം. ലിജു ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പതാക ഉയർത്തും. വള്ളംകളിക്കായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ജില്ലാ കളക്ടർ അറിയിച്ചു. ലോകം ഉറ്റുനോക്കുന്ന ഈ ജലമാമാങ്കത്തിന്റെ പരിപൂർണ്ണ വിജയത്തിന് എല്ലാവരുടെയും സഹകരണവും പിന്തുണയും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. VIP ഗ്യാലറിയിലടക്കം പ്രമുഖരുടെ നീണ്ട നിര തന്നെയാണ് ഇന്ന് പുന്നമടയിൽ എത്തുന്നത്.
















