കൊച്ചി: കൊച്ചി മെട്രോയുടെ പേര് ‘കേരളം മെട്രോ’ എന്നാക്കി മാറ്റാനുള്ള കെ.എം.ആർ.എൽ (KMRL) നീക്കത്തിനെതിരെ ശക്തമായ എതിർപ്പുമായി ഹൈബി ഈഡൻ എം.പി. KMRL-ന്റെ ഈ നീക്കം വിചിത്രമാണെന്നും ‘കൊച്ചി മെട്രോ’ എന്ന പേര് തന്നെ നിലനിർത്തണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾക്കായി കൊച്ചി മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തുന്നത് സ്വാഗതാർഹമാണെങ്കിലും പേര് മാറ്റുന്നത് അംഗീകരിക്കാനാകില്ലെന്ന് എം.പി വ്യക്തമാക്കി. ചരിത്രബോധമില്ലാതെ തിടുക്കത്തിൽ ഇത്തരമൊരു തീരുമാനം എടുക്കരുതെന്നും കത്തിൽ പറയുന്നു. കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്‌റയാണ് പേരുമാറ്റത്തിനായി സർക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം തേടി അപേക്ഷ നൽകിയത്.
















