ടെൽ അവീവ്: ഇസ്രായേലിലെ പ്രശസ്തമായ ജാഫ മേഖലയിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ ദേവാലയത്തിന് നേരെ അജ്ഞാതന്റെ ആക്രമണം.ജാഫയിലെ സെന്റ് ആന്റണി ദേവാലയത്തിലാണ് കുരിശുകളും വിശുദ്ധ രൂപങ്ങളും തകർത്ത നിലയിൽ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുകാരനായ പ്രാദേശിക യുവാവിനെ ഇസ്രായേൽ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെയാണ് ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പോലീസിന് വിവര ലഭിക്കുന്നത്.തുടർന്ന് സ്ഥലത്തെത്തിയ അന്വേഷണസംഘം പള്ളിക്കുള്ളിലെ നിരവധിയായ വിശുദ്ധ രൂപങ്ങൾ നിലത്തു തല്ലിത്തകർക്കപ്പെട്ട നിലയിലും, വിവിധ ഭാഗങ്ങളിലെ കുരിശുകൾ ഒടിച്ചെറിഞ്ഞ നിലയിലും കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ വേഗത്തിലുള്ള അന്വേഷണത്തിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്.അറസ്റ്റിലായ പ്രതി അറബ് മുസ്ലിം വംശജനാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഇയാളെ നിലവിൽ ചോദ്യം ചെയ്തു വരികയാണെന്നും, ആക്രമണത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യം വ്യക്തമാകേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു.
















