കേരളത്തെ പുതിയ കാലഘട്ടത്തിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തമാണ് ജനങ്ങൾ ഐക്യ ജനാധിപത്യ മുന്നണിയെ ഏൽപ്പിച്ചിരിക്കുന്നതെന്ന ബോധ്യം സർക്കാരിനുണ്ടെന്ന് മന്ത്രി മോൻസ് ജോസഫ്.കേരളത്തിൻറെ മികവിന്റെ അടിസ്ഥാന ഘടകങ്ങളായി വാഴ്ത്തപ്പെടുന്ന വിദ്യാഭ്യാസരംഗവും അ ആതുരാ ശുശ്രൂഷ രംഗവും വലിയ പ്രതിസന്ധിയിലാണ്.സാധാരണക്കാരായ ജനങ്ങൾ ആശങ്കയിലാണ്. കാർഷിക മേഖല തകർന്നു.എല്ലാ രംഗത്തും വലിയ മാറ്റങ്ങൾ വരുത്തണം എന്ന ആഗ്രഹത്തോടെയും ഇച്ഛാശക്തിയോടെയുമാണ് യുഡിഎഫ് ഗവൺമെൻറ്
പ്രവർത്തിക്കുന്നത്.ആത്മവിശ്വാസമുള്ള യുവജനങ്ങളെ സൃഷ്ടിക്കുന്ന മികവിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഇടങ്ങൾ ആകണം കലാലയങ്ങൾ എന്ന് മന്ത്രി പറഞ്ഞു.ജാതി വ്യവസ്ഥിതിയുടെ കടുത്ത അവഗണനകളിൽ നിന്ന് തളരാതെ പൊരുതി ഇന്ത്യയുടെ പ്രഥമ പൗരനായ കെ ആർ നാരായണൻ ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതെ ജീവിക്കാൻ യുവജനങ്ങൾക്ക് പ്രചോദനം ആകണമെന്നും രാമപുരം പള്ളിയും കോളേജും ഇത്തരം സേവനങ്ങളിൽ വലിയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ എംജി യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെ അനുമോദിക്കുന്ന ചടങ്ങിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു ജലസേചന ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ്.
അമിത എൽസ് ബിനോയി ഒന്നാം റാങ്ക് (ബി കോം കോ ഓപ്പറേഷൻ), ജൊഹാൻ ജേക്കബ് മൂന്നാം റാങ്ക് (ബി എസ് സി ബയോടെക്‌നോളജി) , അമല റോയി അഞ്ചാം റാങ്ക് (ബി എസ് സി ബയോടെക്‌നോളജി) മരിയ ബേസിൽ എട്ടാം റാങ്ക് ( ബി സി എ ), ശ്രീലക്ഷ്‌മി ആർ പത്താം റാങ്ക് (ബി കോം കോ ഓപ്പറേഷൻ ) എന്നിവരെ കോളേജിന്റെ മെമെന്റോ നൽകി മന്ത്രി ആദരിച്ചു.
കോളേജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ കെ ശാന്താറാം, ബ്ലോക്ക് മെമ്പർ സി.റ്റി. രാജൻ വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, പഞ്ചായത്ത് അംഗം മിനി ടി ജോൺ അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് ജോസഫ്, ജോബിൻ പി മാത്യു,ഐക്യുഎ സി കോഡിനേറ്റർ മാരായ സുനിൽ കെ ജോസഫ് കിഷോർ, ജിബി ജോൺ മാത്യു ഡിപ്പാർട്മെന്റ് മേധാവികൾ തുടങ്ങിയവർ പ്രസംഗിച്ചു.















