ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ പരിഹാരം കാണാൻ മാത്രം ലളിതമല്ല അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നങ്ങളെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. എന്നാൽ ചർച്ചകൾ കരാറിലെത്താൻ ആഗ്രഹിക്കുന്നുവെന്ന് വാൻസ് പറഞ്ഞു.
ടേണിങ് പോയിന്റ് യു എസ് എ എന്ന പരിപാടിയിലാണ് വാൻസിന്റെ പ്രതികരണം. ഇരുരാജ്യങ്ങൾക്കുമിടയിലെ അവിശ്വാസം ഒറ്റ രാത്രി കൊണ്ട് പരിഹരിക്കാനാവുന്നതിലും ഏറെയാണെന്നാണ് വാൻസ് അഭിപ്രായപ്പെട്ടത്. പോയ വാരം നടന്ന ചർച്ചകൾ പൂർണ വിജയം കാണാത്തതിനെ തുടർന്ന് സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള രണ്ടാം ഘട്ട ചർച്ചകൾ രണ്ട് ദിവസത്തിനുള്ളിൽ പുനരാരംഭിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
അമേരിക്ക-ഇറാൻ വെടിനിർത്തൽ തീരാൻ ഒരാഴ്ച കൂടി സമയം ബാക്കി നിൽക്കെയാണ് ട്രംപിന്റെ പരാമർശം. ഇസ്ലാമാബാദിൽ നടന്ന ആദ്യ ഘട്ട ചർച്ചകൾ കരാറിലെത്താതെ പിരിഞ്ഞിരുന്നു. ജനീവയിലോ ഇസ്ലാമാബാദിലെ രണ്ടാം ഘട്ട ചർച്ച നടക്കുമെന്നായിരുന്നു ട്രംപ് നേരത്തെ അറിയിച്ചിരുന്നത്.
















