പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. തമിഴ്‌നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ച തേവർ (62) ആണ് മരിച്ചത്. പൂപ്പാറ തലക്കുളം എസ്റ്റേറ്റിലെ 12 ഏക്കർ ഭാഗത്ത് വെച്ചായിരുന്നു അപകടം.
വ്യാഴാഴ്ച രാവിലെ മുതൽ ഈ പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു. എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് ഒച്ച തേവർക്ക് നേരെ ആനയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചതെന്ന് ദേവികുളം റേഞ്ച് ഓഫീസർ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ട നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

















