തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തുലാവർഷം (വടക്കുകിഴക്കൻ മൺസൂൺ) ഔദ്യോഗികമായി ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളം, തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, തീരദേശ ആന്ധ്രാപ്രദേശ്, റായലസീമ, തെക്കൻ ഉൾനാടൻ കർണാടക, മാഹി എന്നിവിടങ്ങളിലാണ് ഇന്ന് (ഒക്ടോബർ 15) തുലാവർഷം എത്തിയത്. ഇതോടെ രാജ്യത്തുനിന്ന് തെക്കുപടിഞ്ഞാറൻ കാലവർഷം പൂർണ്ണമായും പിൻവാങ്ങി.
നിലവിൽ തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായും, തെക്കൻ തമിഴ്നാട് തീരത്തിന് മുകളിലായും രണ്ട് ചക്രവാതച്ചുഴികൾ സ്ഥിതിചെയ്യുന്നുണ്ട്.
ഒക്ടോബർ 19 വരെ കനത്ത മഴ തുടരും
തുലാവർഷത്തിന്റെ വരവോടെ ഒക്ടോബർ 15 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് (ഒക്ടോബർ 15) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഒക്ടോബർ 15 മുതൽ 18 വരെയുള്ള തീയതികളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരും. ഇതിനൊപ്പം ഒക്ടോബർ 15, 16 തീയതികളിൽ മണിക്കൂറിൽ 40–50 കി.മീ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ഒക്ടോബർ 17, 19 തീയതികളിൽ 30–40 കി.മീ വേഗതയുള്ള കാറ്റോടു കൂടിയ ഇടിമിന്നൽ മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.















