ഫ്രാൻസിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനകളെ തള്ളി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ട്രംപിന്റെ പേരെടുത്ത് പറയാതെയായിരുന്നു ഇമ്മാനുവൽ മാക്രോൺ മറുപടി നൽകിയത്. ചില വിദേശ നേതാക്കൾ സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി ഫ്രാൻസിലെ നിലവിലെ സാമൂഹിക സാഹചര്യങ്ങൾ ചൂഷണംചെയ്യുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് കുറ്റപ്പെടുത്തി.
ഫ്രാൻസിലെ പ്രതിഷേധങ്ങൾക്കും അക്രമസംഭവങ്ങൾക്കും കാരണം കുടിയേറ്റവും ഇസ്ലാമിസ്റ്റുകളുമാണെന്ന ട്രംപിന്റെ വാദത്തെ ഫ്രഞ്ച് പ്രസിഡന്റ് പൂർണമായും തള്ളിക്കളഞ്ഞു. ഇത്തരം പരാമർശങ്ങൾ തീർത്തും തെറ്റാണെന്നായിരുന്നു ഇമ്മാനുവൽ മാക്രോണിന്റെ പ്രതികരണം. വിദേശ നേതാക്കളടക്കം പലരും നടത്തിയത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതും അങ്ങേയറ്റം ബുദ്ധിശൂന്യമായ അഭിപ്രായങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്രംപിനെ ഉദ്ദേശിച്ചാണോ ഇത് പറഞ്ഞതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മറ്റുള്ളവർക്കൊപ്പം അദ്ദേഹത്തെയും ഉദ്ദേശിക്കുന്നുണ്ടെന്നായിരുന്നു ഇമ്മാനുവൽ മാക്രോണിന്റെ മറുപടി.
ഫ്രാൻസിൽ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. ഇത്തരം ദൃശ്യങ്ങൾ എഐ സഹായത്തോടെ നിർമിച്ചതാണ്. കുടിയേറ്റക്കാരും ഇസ്ലാമിസ്റ്റുകളും ഫ്രാൻസിനെ ആക്രമിച്ച് കീഴടക്കിയെന്നാണ് ചിലർ അവകാശപ്പെടുന്നത്. എന്നാൽ, ഇത് പൂർണമായും തെറ്റാണെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി. നമ്മുടെ രാജ്യത്തെക്കുറിച്ച് ഇപ്പോൾ മോശമായി സംസാരിക്കുന്നവരെല്ലാം നമ്മുടെ രാജ്യത്തെ സ്നേഹിക്കാത്തവരാണ്. അവരെക്കൊണ്ട് വലിയ ശല്യമാണുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള ചില നേതാക്കൾ, അവർ ഈ മേഖലയിലുള്ളവരായാലും അറ്റ്ലാന്റിക് സമുദ്രത്തിന് അപ്പുറത്തുള്ളവരായാലും ഫ്രാൻസിനെതിരേ ചില ബുദ്ധികേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന എഐ നിർമിത ഉള്ളടക്കങ്ങൾ ആവർത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. അവരുടെ രാഷ്ട്രീയ പ്രചാരണങ്ങൾക്കായി അവർ നമ്മുടെ രാജ്യത്തെ ഉപയോഗിക്കുകയാണെന്നും ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.















