സഹപ്രവർത്തകരിൽ നിന്ന് യൂണിഫോമിനായി പിരിച്ചെടുത്ത ഏഴുലക്ഷം രൂപ തട്ടിയെടുത്ത പൊലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം കെ.എ.പി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരനായ ശംഭു ആർ. കൃഷ്ണനെയാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത പണം മുഴുവൻ ഓൺലൈൻ റമ്മി കളിച്ചു കളഞ്ഞെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി.
എസ്.എ.പി ക്യാമ്പിലെ യൂണിഫോം കമ്മിറ്റി അംഗമായിരുന്നു ശംഭു. യൂണിഫോം നിർമ്മാണത്തിനായി സഹപ്രവർത്തകരിൽ നിന്നും ട്രെയിനികളിൽ നിന്നും ശേഖരിച്ച തുക എസ്.എ.പി ഡ്രൈ കാന്റീനിലും പൊലീസ് യൂണിഫോം സൊസൈറ്റിയിലുമാണ് അടയ്ക്കേണ്ടിയിരുന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഈ തുക അടയ്ക്കാതിരുന്നതോടെ സംശയം തോന്നിയ ട്രെയിനികൾ പരാതിയുമായി രംഗത്തെത്തി.















