23,000-ത്തിലധികം കുറ്റവാളികൾ അറസ്റ്റിൽ; 15,233 കോടിയുടെ മാഫിയ സ്വത്തുക്കൾ കണ്ടുകെട്ടി: യുപിയിൽ ക്രമസമാധാനം ശക്തമെന്ന് ഉത്തർപ്രദേശ് സർക്കാർ
ലഖ്‌നൗ: ഉത്തർപ്രദേശിൽ ക്രമസമാധാന നില വൻതോതിൽ മെച്ചപ്പെട്ടതായി കണക്കുകൾ പുറത്തുവിട്ട് യോഗി ആദിത്യനാഥ് സർക്കാർ. കുറ്റവാളികൾക്കെതിരെയും മാഫിയകൾക്കെതിരെയും നടപ്പിലാക്കിയ ശക്തമായ നടപടികളുടെ ഭാഗമായി 2017 മുതൽ ഇതുവരെ 23,000-ത്തിലധികം പ്രമുഖ കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും മാഫിയകളുടെയും സംഘടിത കുറ്റകൃത്യ സംഘങ്ങളുടെയും 15,233 കോടി രൂപയിലധികം മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടുകയും (Seized/Demolished) ചെയ്തതായി സർക്കാർ വ്യക്തമാക്കി.
അക്രമ രാഷ്ട്രീയത്തോടും കുറ്റകൃത്യങ്ങളോടും ‘സീറോ ടോളറൻസ്’ (Zero Tolerance) നയം തുടരുന്ന ഉത്തർപ്രദേശ് സർക്കാർ, സംസ്ഥാനത്തെ ക്രമസമാധാന പരിപാലനത്തിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും കൈവരിച്ച പുരോഗതി എടുത്തുപറഞ്ഞു.
മാഫിയകൾ കൈയേറിയ ആയിരക്കണക്കിന് ഏക്കർ ഭൂമി തിരിച്ചെടുത്ത് ജനക്ഷേമ പദ്ധതികൾക്കായി ഉപയോഗിച്ചതായും ക്രമസമാധാനം ശക്തമായതോടെ സംസ്ഥാനത്തേക്ക് റെക്കോർഡ് നിക്ഷേപങ്ങൾ ഒഴുകിയെത്തുന്നുണ്ടെന്നും സർക്കാർ കൂട്ടിച്ചേർത്തു.















