നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് നടത്തുന്നു. ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജമ്മു, മധ്യപ്രദേശ്, കൊൽക്കത്ത എന്നിവിടങ്ങളിലെ 14 പ്രധാന കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്.
ഇ.ഡി. ലഖ്‌നൗ സോണൽ ഓഫീസിന്റെ നേതൃത്വത്തിലാണ് ഈ നടപടികൾ. അനധികൃതമായി നിർമ്മിച്ച പ്രത്യേക സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വ്യാജ ടോൾ രസീതുകൾ നിർമ്മിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ടോൾ പ്ലാസകൾ വഴി ശേഖരിക്കുന്ന പണം എൻഎച്ച്എഐയുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് നൽകാതെ, സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും അക്കൗണ്ടുകളിലേക്ക് അനധികൃതമായി വകമാറ്റിയതായി ഇ.ഡി. കണ്ടെത്തി.
ഡിജിറ്റൽ തെളിവുകളും രേഖകളും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് വ്യാജ സോഫ്റ്റ്‌വെയറിന്റെ ഉപയോഗം സ്ഥിരീകരിച്ചത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച വൻ റാക്കറ്റിനെയും ടോൾ കരാറുകാരുടെ പങ്കിനെയും കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് ഇ.ഡി. അറിയിച്ചു.

















