തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് അവിടെനിന്നുള്ള ആദ്യ direct ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക് യാത്രതിരിച്ചു. ‘എംഎസ്‌സി ബെറിൽ’ (MSC Beryl) എന്ന ഭീമൻ കപ്പലാണ് എട്ട് കണ്ടെയ്നറുകളുമായി സ്പെയിനിലെ വലൻസിയ (Valencia) തുറമുഖത്തേക്ക് പുറപ്പെട്ടത്.
കഴിഞ്ഞ ഓഗസ്റ്റ് 18-ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകൾ ഉൾപ്പെടെയാണ് കപ്പലിൽ കയറ്റുമതി ചെയ്തത്. ഇതിൽ ഒരു കണ്ടെയ്നറിൽ ഭക്ഷ്യവസ്തുക്കളും രണ്ടാമത്തേതിൽ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയുടെ ഉൽപ്പന്നങ്ങളുമാണ്. ശേഷിക്കുന്ന ആറ് കണ്ടെയ്നറുകളിൽ കൊച്ചിയിൽ നിന്ന് വിഴിഞ്ഞത്ത് എത്തിച്ച സീ ഫുഡ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളാണ് ഉള്ളത്.
വിഴിഞ്ഞത്തുനിന്ന് പുറപ്പെട്ട കപ്പൽ പോർച്ചുഗലിലെ ‘പോർട്ട് ഓഫ് സയൻസ്’ (Port of Sines) തുറമുഖത്ത് മാത്രം അടുപ്പിച്ച ശേഷമാകും വലൻസിയയിൽ എത്തിച്ചേരുക. സാധാരണയായി കേരളത്തിൽ നിന്ന് യൂറോപ്പിലേക്ക് ചരക്കുകൾ എത്തിക്കാൻ 60 ദിവസത്തോളം വേണമെന്നിരിക്കെ, വിഴിഞ്ഞം വഴി വെറും 20 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താനാകും. ഇത് വാണിജ്യ മേഖലയ്ക്ക് വൻ സമയലാഭവും സാമ്പത്തിക ലാഭവുമാണ് ഉണ്ടാക്കുന്നത്.

















