2026 ഏപ്രിൽ 06 തിങ്കൾ 1199 മീനം 23
വാർത്തകൾ
👉📰 ടിവികെ അധ്യക്ഷൻ വിജയ്യുടെ നാളത്തെ ചെന്നൈ പര്യടനം റദ്ദാക്കി. വില്ലവാക്കം, അണ്ണാ നഗർ, ടി നഗർ എന്നിവിടങ്ങളിലെ പ്രചാരണമാണ് റദ്ദാക്കിയത്. പൊലീസിൻ്റെ സുരക്ഷാ നിർദേശങ്ങളാണ് പര്യടനം റദ്ദാക്കാൻ കാരണമെന്നാണ് ടിവികെ നൽകുന്ന വിശദീകരണം. തിരഞ്ഞെടുപ്പ് കമ്മീഷനാണ് വിജയ്ക്ക് പ്രചാരണത്തിന് അനുമതി നൽകിയത്. ആവശ്യപ്പെട്ട സമയവും സ്ഥലവും നൽകിയില്ലെന്നും ടിവികെ ആരോപിച്ചു.
👉📰 കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി. നാലാം ദിവസത്തെ തിരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്തിയത്.കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് യുവതിയെ കാണാതായത്. ട്രക്കിങ്ങിന് പോയ മലയിലാണ് ശരണ്യയുള്ളത്.എംഎൽഎ അടക്കമുള്ളവർ ശരണ്യ കുടുങ്ങി കിടക്കുന്ന സ്ഥലത്തേയ്ക്ക് എത്തും. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.
👉📰 തൃശ്ശൂർ വാടാനപ്പിള്ളിയിൽ ബിജെപി പ്രവർത്തകരുടെ കിറ്റ് വിതരണത്തിൽ പ്രതിഷേധിച്ച യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപനെ അറസ്റ്റ് ചെയ്ത നീക്കി പൊലീസ്. യുഡിഎഫും എൽഡിഎഫും നടത്തിയ പ്രതിഷേധത്തിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. ടി എൻ പ്രതാപന്റെ അറസ്റ്റ് തടയാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു. റോഡിൽ കുത്തിയിരുന്നാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. എന്നാൽ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ പോകുന്നതിനാൽ പൊലീസ് അറസ്റ്റ് തുടരുകയായിരുന്നു.
👉📰 അമേരിക്കന്‍ വിമാനവും ഹെലികോപ്ടറുകളും തകര്‍ത്തെന്ന അവകാശവാദവുമായി ഇറാന് സേന. തകര്‍ന്ന വിമാനത്തിന്റെയും ഹെലികോപ്ടറുകളുടെയും ചിത്രങ്ങള്‍ ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബഫ് പങ്കുവച്ചു. ഇതു പോലെ മൂന്ന് വിജയങ്ങള്‍ കൂടി നേടിയാല്‍ അമേരിക്ക നശിക്കുമെന്നാണ് ഗാലിബഫിന്റെ പരിഹാസം.
👉📰 കോണ്‍ഗ്രസില്‍ തമ്മിലടി എന്നത് ഒന്നും പറയാനില്ലാതെ വരുമ്പോള്‍ എതിരാളികള്‍ ഇറക്കുന്ന ഒരു കാര്‍ഡ് മാത്രമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ ഭിന്നതയെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഒരു ഇരുമ്പുമറയുമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അങ്ങനെയൊരു അഭിപ്രായ ഭിന്നതയുണ്ടായിരുന്നെങ്കില്‍ മുമ്പേ പുറത്തുവന്നേനെ. ഇന്നുവരെ ഒരു കാര്യത്തില്‍ താനോ വി ഡി സതീശനോ തികച്ചും വിഭിന്നിമായ പക്ഷങ്ങള്‍ ഉള്ളതായി എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്നും കെ സി ചോദിച്ചു
👉📰 കുന്നത്തുനാടിന് 5000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് എന്‍ഡിഎ. കഴിഞ്ഞ ദിവസം കോലഞ്ചേരിയില്‍ സംഘടിപ്പിച്ച എന്‍.ഡി.എ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്ബാണ് പാക്കേജ് പ്രഖ്യാപിച്ചത്. തിരുവാണിയൂര്‍, പൂതൃക്ക,കുന്നത്തുനാട്, വടവ്കോട്-പുത്തന്‍കുരിശ് പഞ്ചായത്തുകളിലെ 2000 പേര്‍ക്ക് ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയില്‍ ദിവസവേതനത്തില്‍ നേരിട്ട് തൊഴില്‍, പുത്തന്‍കുരിശ് പഞ്ചായത്തിലെ അമൃത കോളനി ഉള്‍പ്പെടെ മണ്ഡലത്തിലെ 116 ലക്ഷംവീട് കോളനികള്‍ നവീകരിക്കാന്‍ 280 കോടി, കുന്നത്തുനാട് മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന അങ്കമാലി കുണ്ടന്നൂര്‍ ‘എട്ട്വരി’ പാതയ്ക്ക് 9500 കോടി എന്നിങ്ങനെ വിവിധ പാക്കേജുകളാണ് പ്രഖ്യാപിച്ചത്.
👉📰 വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ ) ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢലക്ഷ്യവും ന്യൂനപക്ഷ വിരുദ്ധ അജണ്ടയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തയച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ക്രൈസ്തവ സഭാസ്ഥാപനങ്ങള്‍ അടക്കമുള്ള സന്നദ്ധ സംഘടനകളുടെ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളെ തടയാനുള്ള കേന്ദ്ര നീക്കങ്ങള്‍ സംബന്ധിച്ച് 5 ചോദ്യങ്ങളാണ് പ്രധാനമന്ത്രിക്കുള്ള കത്തില്‍ കെ.സി.വേണുഗോപാല്‍ ഉന്നയിച്ചിരിക്കുന്നത്.
👉📰 എറണാകുളം മൂവാറ്റുപുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടന്റെ സ്വീകരണ യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. പായിപ്ര പഞ്ചായത്തിലെ യോഗത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. മുസ്ലിം ലീഗ് വിമതനായി മത്സരിച്ച് വിജയിച്ചയാള്‍ പരിപാടിക്കെത്തിയതാണ് ഒരുകൂട്ടം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തി.
👉📰 വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധികര്‍ക്കായി നല്‍കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത വീടുകളുടെ പണി ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഈ കാലയളവ് താന്‍ വളരെ ഉത്തരവാദിത്തത്തോടെയാണ് പറയുന്നതെന്നും ആറ് മാസത്തിനുശേഷം വീണ്ടും അഭിമുഖം നല്കാന് തയ്യാറെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.















