ദളിത് ക്രൈസ്തവ അവകാശങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യും: മോൻസ് ജോസഫ് എം.എൽ.എ
കുറവിലങ്ങാട്: ദളിത് ക്രൈസ്തവരുടെയും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ന്യായമായ അവകാശങ്ങൾക്കായി ശബ്ദമുയർത്തുമെന്നും, ഈ വിഷയം വരും നിയമസഭാ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നും മോൻസ് ജോസഫ് എം.എൽ.എ. ഡി.സി.എം.എസ് (DCMS) പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ഫോറോനാ പള്ളിയിൽ സംഘടിപ്പിച്ച ‘ജസ്റ്റിസ് സൺഡേ’ ആചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.എം.എസ് പാലാ രൂപതാ പ്രസിഡന്റ് ബിനോയ് ജോൺ അമ്പലംകട്ടയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡി.സി.എം.എസ് സംസ്ഥാന ഡയറക്ടർ റവ. ഫാ. ജോസുകുട്ടി ഇടത്തിനകം ആമുഖ സന്ദേശവും, പാലാ രൂപത വികാരി ജനറൽ വെരി. റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് മുഖ്യ സന്ദേശവും നൽകി. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ചർച്ച് വികാരിയും ആർച്ച് പ്രീസ്റ്റുമായ വെരി. റവ. ഡോ. തോമസ് മേനാച്ചേരി അനുഗ്രഹപ്രഭാഷണം നടത്തി.
ചടങ്ങിൽ ഡി.സി.എം.എസ് പാലാ രൂപതാ ഡയറക്ടർ റവ. ഫാ. തോമസ് കിഴക്കേകൊല്ലിത്താനത്ത്, ഡി.സി.എം.എസ് സംസ്ഥാന പ്രസിഡന്റ് ഷിബു ജോസഫ്, രൂപതാ സെക്രട്ടറി ബിന്ദു ആന്റണി, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, പിതൃവേദി രൂപതാ ട്രഷറർ ജോർജ് ഡിക്സൺ, ഡി.സി.എം.എസ് കുറവിലങ്ങാട് യൂണിറ്റ് പ്രസിഡന്റ് കെ.ഡി. ജോസഫ്, കുറവിലങ്ങാട് ഫോറോനാ പ്രസിഡന്റ് ആൽവിൻ മാത്യു തുടങ്ങിയവർ സംസാരിച്ചു.
















