പാലാ: സംസ്ഥാന സർക്കാരിന്റെ എക്സൈസ് വകുപ്പ് മോഡൽ ഡ്രഗ്- ഫ്രീ കാമ്പസായി തെരഞ്ഞെടുത്ത പാലാ സെൻറ് തോമസ് ഓട്ടോണമസ് കോളജിൽ ഡ്രഗ്-ഫ്രീ കാമ്പസ് ബോർഡ് സ്ഥാപിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ലിൻറ് അരീപ്ലാക്കൽ ബോർഡ് അനാച്ഛാദനം ചെയ്തു. ലഹരിയോട് നിരന്തരം പോരാടുന്ന കോളജിന്റെ പാരമ്പര്യമാണ് ഈ നേട്ടത്തിന് അർഹമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്താകെ 30 കോളജുകളെയും കോട്ടയം ജില്ലയിൽ രണ്ടു കോളജുകളെയുമാണ് ഈ പദവിക്കായി എക്സൈസ് വകുപ്പ് തെരഞ്ഞെടുത്തത്.
സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി എക്സൈസ്-ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ ചേർന്ന് സംഘടിപ്പിച്ച ‘യുവശബ്ദം’ സംസ്ഥാനതല ലഹരിവിരുദ്ധ പ്രസംഗമത്സരത്തിലെ ജേതാവായ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി ലീനു കെ. ജോസിനെ ചടങ്ങിൽ ആദരിച്ചു.
കോട്ടയം എക്സൈസ് ഡിവിഷനും കോളേജിലെ ആൻറി നർകോട്ടിക് സെല്ലും ഒറേറ്ററി & ഡിബേറ്റ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ‘വോയ്സ് ഓഫ് മെറിറ്റ്’ ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ് അധ്യക്ഷത വഹിച്ചു. പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുമേഷ് ബി. മുഖ്യപ്രഭാഷണം നടത്തുകയും ലീനുവിന് എക്സൈസ് വകുപ്പിന്റെ ഉപഹാരം കൈമാറുകയും ചെയ്തു. ചടങ്ങിൽ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പും ലീനുവിന് പ്രത്യേക ഉപഹാരങ്ങൾ സമ്മാനിച്ചു.
വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കെ. തോമസ് കാപ്പിലിപ്പറമ്പിൽ, ആൻറി നർകോട്ടിക് ക്ലബ് കോ-ഓർഡിനേറ്റർ ഡോ. ജസ്റ്റിൻ ജോസ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജെക്സി ജോസഫ് എന്നിവർ സംസാരിച്ചു.















