നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചന നൽകി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് കക്ഷികൾ തമ്മിൽ അടിമ-ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു പാർട്ടികളുടെയും കേന്ദ്ര നേതൃത്വങ്ങളുടെ രാഷ്ട്രീയ ബോധ്യത്തിൽ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, പദവിക്കായി സിപിഐയുടെ നിലപാടും വ്യക്തിത്വവും അടിയറ വെക്കില്ലെന്ന് അടിവരയിട്ടു പറഞ്ഞു.
അതേസമയം, പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിൽ പരസ്യ പോര് തുടരുന്നതിൽ എൽഡിഎഫ് ഘടകകക്ഷികൾക്കിടയിൽ കടുത്ത അമർഷം പുകയുകയാണ്. വിഷയം പൊതുവേദിയിൽ ചർച്ചയാക്കാതെ അടിയന്തരമായി പരിഹരിക്കണമെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഇരു പാർട്ടികളും തമ്മിലുള്ള പടലപ്പിണക്കം തുടരുന്നതിൽ മറ്റു മുന്നണി കക്ഷികളിൽ അസംതൃപ്തി ശക്തമാണ്. പരാജയത്തെക്കുറിച്ച് ഗൗരവമുള്ള ചർച്ചയോ പ്രതിരോധ സമരങ്ങളോ സംഘടിപ്പിക്കാൻ മുന്നണി തയ്യാറാകുന്നില്ലെന്നാണ് വിമർശനം. വിഷയം പരിഹരിക്കാൻ സിപിഎമ്മും സിപിഐയും മുൻകൈ എടുത്തില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം പരസ്യമാക്കാനാണ് ഘടകകക്ഷികളുടെ നീക്കം.

















