തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് കേസിൽ ഇഡി പുറത്തുവിട്ട നിർണ്ണായക കണ്ടെത്തലുകൾക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവും പരാതിക്കാരനുമായ ഷോൺ ജോർജ്. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും ഇഡി ഔദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വലിയ വെളിപ്പെടുത്തലുകളാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിൽ വിദേശ ഹവാല ഇടപാടുകൾ അടക്കം പുറത്തുവന്ന സാഹചര്യത്തിൽ, പിണറായി വിജയൻ രാജിവെക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീണ വിജയൻ യാതൊരു സേവനവും നൽകാതെ കൈപ്പറ്റിയ തുക മുഴുവൻ പിണറായി വിജയന് ലഭിച്ച കൈക്കൂലിയാണെന്നും, പിണറായി വിജയനെ മാറ്റിനിർത്താൻ സിപിഐഎം തയ്യാറാകണമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
















