2025 ഡിസംബർ 11 വ്യാഴം 1199 വൃശ്ചികം 25
വാർത്തകൾ
🗞️👉 കേരളത്തിലെ ദേശീയപാത നിർമാണം: 378 സ്ഥലങ്ങളിൽ പരിശോധന നടത്താൻ ദേശീയപാത അതോറിറ്റി
കൊല്ലം കൊട്ടിയത്ത് ദേശീയപാത തകർന്നതിന് പിന്നാലെ സംസ്ഥാനത്ത് ദേശീയപാത നിർമാണം നടക്കുന്ന 378 സ്ഥലങ്ങളിൽ പരിശോധന നടത്താൻ ദേശീയപാത അതോറിറ്റി. ദേശീയ പാതയിലെ എല്ലാ റീച്ചുകളിലും സുരക്ഷ ഓഡിറ്റ് നടത്തും. മണ്ണിന്റെ സാമ്പിളുകൾ പരിശോധിക്കാൻ 18 ജിയോ ടെക്നിക്കൽ ഏജൻസികളെ നിയമിച്ചു. ഇതിനകം നിർമ്മാണം പൂർത്തിയായതും, പുരോഗമിക്കുന്നതും, ഇനിയും ആരംഭിക്കാത്തതുമായ സ്ഥലങ്ങളിലും പരിശോധന നടത്തും.
🗞️👉 വീണ്ടും പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരമില്ല. എന്തിനെയും എതിർക്കുക എന്നത് നയമായി സ്വീകരിച്ചവരാണ് പ്രതിപക്ഷം. പ്രതിപക്ഷം നശീകരണ പക്ഷമെന്ന് സ്വയം കരുതുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെൻഷൻ, ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്ലൈൻ, കിഫ്ബി, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോൺ, ചൂരൽമല-മുണ്ടക്കൈ, കെ-റെയിൽ എന്നീ വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട് എന്താണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
🗞️👉 രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിൽ സംശയമുണ്ടെന്ന് കോടതി
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന പരാതിയിൽ സംശയമുണ്ടെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി. പരാതി ഉന്നയിക്കുന്നതിലും കേസ് എടുക്കുന്നതിലും താമസം നേരിട്ടു. പരാതി നൽകാൻ താമസിച്ചതിന് പല കാരണങ്ങളാണ് പരാതിക്കാരി മൊഴിയിൽ ഉന്നയിക്കുന്നത്. ആദ്യ പരാതി പോലീസിനല്ല, കെപിസിസി പ്രസിഡന്റിനാണ് നൽകിയതെന്നും കോടതിയുടെ മുൻകൂർ ജാമ്യ ഉത്തരവിൽ പരാമർശം.
🗞️👉 പാലക്കാട് ഫിറ്റ്നസ് ഇല്ലാതെ അടച്ചിട്ട സ്കൂൾ കെട്ടിടത്തിൽ പോളിങ് ബൂത്ത് സജ്ജമാക്കിയെന്ന് പരാതി
ഫിറ്റ്നസ് ഇല്ലാതെ അടച്ചിട്ട സ്കൂൾ കെട്ടിടത്തിൽ പോളിങ് ബൂത്ത് സജ്ജമാക്കിയതായി പരാതി. പാലക്കാട് പല്ലഞ്ചാത്തന്നൂർ ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂളിലെ കെട്ടിടത്തിലാണ് പോളിങ് ബൂത്ത് ഒരുക്കിയത്. ബിൽഡിങ്ങിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് നേരത്തേ അറിയിച്ചിരുന്നെന്നും പഞ്ചായത്ത് തുടർനടപടി സ്വീകരിച്ചില്ലെന്നും വാർഡ് മെമ്പർ ആരോപിച്ചു. എന്നാൽ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് പോളിങ് ബൂത്ത് ഒരുക്കിയതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.
🗞️👉 വിഴിഞ്ഞം തുറമുഖം: രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം ജനുവരിയിൽ
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ ഉദ്ഘാടനം ജനുവരിയിൽ. ഉദ്ഘാടന തീയതി പിന്നീട് തീരുമാനിക്കും. 2028ൽ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണം പൂർത്തിയാക്കും. ജനുവരി രണ്ടാം വാരം ഉദ്ഘാടനം നടത്താനാണ് ധാരണ. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതിയോടെയായിരിക്കും തീയതി തീരുമാനിക്കുക. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
🗞️👉 ഗോവ ബാഗ ബീച്ച് തീപിടുത്തം: ക്ലബ്ബ് ഉടമകൾ മുൻകൂർ ജാമ്യം തേടി
ഗോവ ബാഗി ബീച്ചിലെ നിശാ ക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ മുൻകൂർ ജാമ്യം തേടി ക്ലബ്ബ് ഉടമകൾ. ലുത്ര സഹോദരന്മാർ സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി രോഹിണി കോടതി നാളെ പരിഗണിക്കും. അപകടത്തെ തുടർന്ന് സമഗ്ര അന്വേഷണമാണ് ഗോവ സർക്കാർ പ്രഖ്യാപിച്ചത്. ഡിസംബര്‍ 7-ന് ഉണ്ടായ തീപിടുത്തത്തിന് ശേഷം നിശാ ക്ലബ്ബിന്റെ ചീഫ് ജനറല്‍ മാനേജര്‍ രാജീവ് മോദക്, ജനറല്‍ മാനേജര്‍ വിവേക് സിംഗ്, ബാര്‍ മാനേജര്‍ രാജീവ് സിന്‍ഹാനിയ, ഗേറ്റ് മാനേജര്‍ റിയാന്‍ഷു താക്കൂര്‍, ജീവനക്കാരന്‍ ഭരത് കോഹ്ലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാല് സഹ ഉടമകളില്‍ ഒരാളായ അജയ് ഗുപ്തയെയും ഇന്ന് അറസ്റ്റിലായി.
🗞️👉 ലോക്സഭയിൽ അമിത്ഷാ രാഹുൽ പോര്
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പ്രതിപക്ഷം കഴിഞ്ഞ നാല് മാസമായി നുണപ്രചാരണം നടത്തുകയാണെന്ന് അമിത്ഷാ ആരോപിച്ചു.ഏതു വിഷയത്തിലും സഭയുടെ നടപടിക്രമം അനുസരിച്ച് ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയ്യാറാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന് വേണ്ടിയല്ല പ്രവർത്തിക്കുന്നതെന്നും കേന്ദ്രത്തിന്റെ ആജ്ഞകൾക്കനുസരിച്ചല്ല തീരുമാനമെടുക്കുന്നതെന്നും അമിത്ഷാ പറഞ്ഞു. വോട്ടർപട്ടിക ശുദ്ധീകരിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമവിരുദ്ധമായി നുഴഞ്ഞുകയറിയവരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.












