2025 ഡിസംബർ 06 ശനി 1199 വൃശ്ചികം 20
വാർത്തകൾ
🗞️👉 SIR സമയപരിധി വീണ്ടും നീട്ടി; എന്യൂമറേഷൻ ഫോമുകൾ 18 വരെ നൽകാം, കരട് വോട്ടർ പട്ടിക 23ന്
എസ് ഐ ആർ സമയപരിധി വീണ്ടും നീട്ടി. എന്യൂമറേഷൻ ഫോമുകൾ ഈ മാസം 18 വരെ നൽകാം. കരട് വോട്ടർ പട്ടിക 23ന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. സംസ്ഥാന സർക്കാർ സമയം നീട്ടി നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നത്
തദ്ദേശ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് എസ്ഐആർ സമയപരിധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടത്. നേരത്തെ എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള തീയതി അഞ്ചായിരുന്നു. ഇത് പിന്നീട് 11 ആയി നീട്ടി നൽകിയിരുന്നു. ഈ തീയതിയാണ് വീണ്ടും നീട്ടി നൽകിയിരിക്കുന്നത്. കരട് വോട്ടർ പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത് ഈ തീയതിയും മാറ്റിയിട്ടുണ്ട്.
🗞️👉 ബാഗല്ലൂരിലേക്ക് കടക്കാൻ പ്രതിയെ സഹായിച്ചു; രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്റ്റാഫിനെ പ്രതി ചേർത്തു
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്റ്റാഫിനെ പ്രതി ചേർത്തു. ഫൈസലും ആൽവിനും പ്രതികൾ. രാഹുലിന്റെ ഡ്രൈവറാണ് ആൽവിൻ, ഫസൽ സ്റ്റാഫും. രാഹുലിനെ ബാഗല്ലൂരിൽ എത്തിച്ചത് ഇരുവരും ചേർന്നാണ്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് പ്രതി ചേർത്തത്. അമേയ്സ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
🗞️👉 ലോകസമാധാനത്തിനായി നടത്തിയ ഇടപെടൽ; പ്രഥമ ഫിഫ സമാധാന പുരസ്കാരം ഡോണൾഡ് ട്രംപിന്
പ്രഥമ ഫിഫ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പിന്. യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിലും ലോകസമാധാനത്തിനായി നടത്തിയ ഇടപെടലുകളിനുമാണ് പുരസ്കാരം. വാഷിങ്ടണിലെ പ്രശസ്തമായ കെന്നഡി സെന്ററിൽ നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പ് വേദിയിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ട്രംപിന് പുരസ്കാരം സമ്മാനിച്ചു. തന്റെയും ഫുട്ബോൾ സമൂഹത്തിന്റെയും പിന്തുണ ട്രംപിന് എപ്പോഴും ഉണ്ടാകുമെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു.
🗞️👉 എരുമേലിയിൽ വ്യാജ ലബോറട്ടറി രേഖകളോടെ രാസ കുങ്കുമ വിൽപ്പന; രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം
എരുമേലിയിൽ വ്യാജ ലബോറട്ടറി രേഖകളോടെ രാസ കുങ്കുമ വിൽപ്പന നടത്തിയതിൽ, കോതമംഗലത്തെ ഐഡിയൽ എന്റർപ്രൈസസിനോട് രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. ബി.ഐ.എസ് സാക്ഷ്യപത്രം ,സ്റ്റോക്ക് രജിസ്റ്റർ ,ജി.എസ്.ടി ഉൾപ്പെടെ എല്ലാ രേഖകളും ഹാജരാക്കണം. കോടതിയുടെ നിരോധനം ലംഘിച്ച് വിൽപ്പന തുടർന്നത് നിയപരമായ സ്ഥാപനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു.
🗞️👉 തദ്ദേശ തെരഞ്ഞെടുപ്പ്: ട്രെൻഡ് യുഡിഎഫിന് അനുകൂലം; പി.കെ. കുഞ്ഞാലിക്കുട്ടി
തദ്ദേശ തെരഞ്ഞെടുപ്പിൽ ട്രെൻഡ് യുഡിഎഫിന് അനുകൂലമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. UDFന് ബദൽ വികസന അജണ്ടയുണ്ട്. LDF ന് ഒരു കാര്യത്തിനും മറുപടി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ആണ് പ്രധാന ചർച്ച. ശബരിമല വിഷയം മുമ്പും പ്രതിഫലിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് കൃത്യമായ നടപടി സ്വീകരിച്ചു. ശബരിമല സ്വർണകൊള്ളയിൽ ജയിലിൽ ആയിട്ടും പത്മകുമാറിന് എതിരെ നടപടി ഇല്ലെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
🗞️👉 കുസാറ്റ് തിരിച്ചുപിടിച്ച് SFI
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മുന്നേറ്റം. കഴിഞ്ഞ വർഷം എസ്‌എഫ്ഐക്ക് നഷ്ടപ്പെട്ട കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ യൂണിയൻ ഈ വർഷം തിരിച്ചുപിടിക്കാൻ സാധിച്ചിരിക്കുന്നു എന്നത് ആഹ്ലാദകരമായ വാർത്തയെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. അപ്രതീക്ഷിത തോൽവിയിൽ തളർന്നുപോകാതെ, കുട്ടികൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതിന്‍റെ ഫലമാണ് ഈ വിജയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
🗞️👉 ‘ആശങ്കകൾ ഉടൻ പരിഹരിക്കും; ബുദ്ധിമുട്ടിൽ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നു’; ഇൻഡിഗോ CEO
വിമാനങ്ങൾ റദ്ദാക്കിയതിൽ യാത്രക്കാരോട് ക്ഷമ ചോദിച്ച് ഇൻഡിഗോ സിഇഒ പീറ്റർ എൽബർ. ആയിരം വിമാന സർവീസുകൾ ഇന്ന് മാത്രം റദ്ദാക്കി. ആശങ്കകൾ ഉടൻ പരിഹരിക്കും. സർവീസുകൾ 10 മുതൽ സാധാരണ നിലയിലാകും. നാളെയും വിമാന സർവീസുകൾ ബാധിക്കുമെന്നും പീറ്റർ എൽബർ അറിയിച്ചു. രാജ്യവ്യാപകമായി അറുനൂറിലേറെ സർവീസുകളാണ് തടസപ്പെട്ടത്.
🗞️👉 കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നുവീണു; സർവീസ് റോഡ് ഇടിഞ്ഞു താഴ്ന്നു
കൊല്ലം കൊട്ടിയം മൈലക്കാട് നിർമാണത്തിൽ ഇരുന്ന ദേശീയപാത തകർന്നു വീണു. സ്കൂൾ ബസ് അടക്കം 4 വാഹനങ്ങൾക്ക് അപകടത്തിൽപ്പെട്ടു. ദേശീയപാതയോട് ചേർന്ന സർവീസ് റോഡും അപകടത്തിൽ ഇടിഞ്ഞു താണു. കുട്ടികളടക്കമുണ്ടായിരുന്ന വാഹത്തിൽ നിന്ന് എല്ലാവരെയും പുറത്തെത്തിച്ചു. ആർക്കും പരുക്കുകൾ ഇല്ല. സ്ഥലത്ത് ഗതാഗത കുരുക്ക് തുടരുകയാണ്. വലിയ രീതിയിലുള്ള അപകടമാണ് ഉണ്ടായിരിക്കുന്നത്. 500 മീറ്റർ ദൂരത്തിലാണ് ദേശീയപാത ഇടിഞ്ഞു വീണിരിക്കുന്നത്.വയലുകളാൽ ചുറ്റപ്പെട്ട പ്രദേശമാണിത്.












