2025 നവംബർ 21 വെള്ളി 1199 വൃശ്ചികം 5
വാർത്തകൾ
🗞️👉 ഒരു ഇടവേളയ്ക്കുശേഷം കര്‍ണാടക കോണ്‍ഗ്രസില്‍ അധികാര തര്‍ക്കം രൂക്ഷമാവുന്നു
മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി പി സി സി അധ്യക്ഷനായ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തിറങ്ങിയതോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാനായി പഠിച്ച പണി പതിനെട്ടും പയറ്റുന്നതിനിടയിലാണ് കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതെന്നും ശ്രദ്ധേയമാണ്. സിദ്ധരാമയ്യയെ മാറ്റി ഡി കെ ശിവകുമാറിനെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യത്തിന് രണ്ടര വര്‍ഷത്തെ പഴക്കമുണ്ട്. ബി ജെ പിയുടെ കൈയ്യിലായിരുന്ന കര്‍ണാടകയെ തിരികെ പിടിച്ചത് ഡി കെ ശിവകുമാര്‍ എന്ന കരുത്തനായ നേതാവിന്റെ തന്ത്രപരമായ രാഷ്ട്രീയ നീക്കങ്ങളിലൂടേയായിരുന്നു.
🗞️👉 മുറിവ് തുന്നിക്കെട്ടിയില്ല! കുട്ടിയുടെ തലയിലെ മുറിവിൽ ഡോക്ടർ തേച്ചത്
മേശയുടെ മൂലയിൽ ഇടിച്ച് തലയിൽ മുറിവേറ്റു. മകന് അടിയന്തര ചികിത്സ ലഭ്യമാക്കാനായി ആശുപത്രിയിൽ എത്തിയച്ചപ്പോൾ ഡോക്ടർ ചെയ്തത് കണ്ട് ഭയന്ന് രക്ഷിതാക്കൾ. കുട്ടിയുടെ തലയിലെ മുറിവിൽ ഫെവിക്വിക് ഉപയോഗിച്ചാണ് ഡോക്ടർ ചികിത്സ നടത്തിയത്. ചോരയൊഴുകുന്ന മുറിവ് തുന്നിക്കെട്ടുന്നതിന് പകരമാണ് ഫെവിക്വിക് ചികിത്സ. ഉത്തർ പ്രദേശിലെ മീററ്റിൽ ആണ് സംഭവം. സർദാർ ജസ്പീന്ദർ സിംഗ് എന്നയാളുടെ മകനാണ് ഗുരുതര കൃത്യ വിലോപം നേരിടേണ്ടി വന്നത്. ജാഗ്രിതി വിഹാർ എന്ന മേഖലയിലെ താമസക്കാരനാണ് പരാതിക്കാരൻ. വീട്ടിൽ കളിക്കുന്നതിനിടെ പരിക്കേറ്റ മകനെ ഭാഗ്യ ശ്രീ എന്ന ആശുപത്രിയിലാണ് രക്ഷിതാക്കൾ എത്തിച്ചത്.
🗞️👉 ബ്രിട്ടന്റെ തീര മേഖലകളിലേക്ക് എത്തി റഷ്യയുടെ കുപ്രസിദ്ധമായ ചാര കപ്പൽ
സാധാരണ കപ്പലെന്ന് റഷ്യ അവകാശപ്പെടുന്നതും ലോക രാജ്യങ്ങൾ ചാരക്കപ്പലെന്ന് വിളിക്കുകയും ചെയ്യുന്ന യാന്റർ ആണ് ബ്രിട്ടന്റെ തീരദേശത്ത് കറങ്ങി നടക്കുന്നത്. ഇതിന് പിന്നാലെ കനത്ത ആശങ്കയിലാണ് ബ്രിട്ടീഷ് പ്രതിരോധ മേധാവികൾ. ബ്രിട്ടൻ സമുദ്രത്തിൽ സ്ഥാപിച്ച കേബിളുകൾ യാന്റർ നിരീക്ഷിക്കുന്നുവെന്നാണ് ആശങ്ക. ദശലക്ഷക്കണക്കിന് ഡോളറുകളുടെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ളവയുടെ ഡാറ്റകളാണ് ഈ കേബിളുകളിലൂടെ കൈമാറ്റം ചെയ്യുന്നത്. ഈ കേബിളുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതിൽ 90 ശതമാനവും സാമ്പത്തിക ഇടപാടുകളുടേതാണ്. റോയൽ എയർ ഫോഴ്സ് നിരീക്ഷണ വിമാനങ്ങളുടെ പൈലറ്റുമാർക്ക് നേരെ ലേസർ രശ്മികൾ യാന്ററിലെ നാവികർ പായിക്കുക കൂടി ചെയ്തതോട ഡാറ്റ ചോർത്തൽ നടക്കുന്നുവെന്ന ആശങ്ക ബ്രിട്ടന് ശക്തമായിട്ടുണ്ട്.
🗞️👉 അമ്പലക്കള്ളന്മാർ ആണ് സിപിഐഎം, ഇനി സ്റ്റമ്പ് തെറിക്കാൻ പോകുന്നത് കടകംപള്ളി സുരേന്ദ്രൻ
ശബരിമല സ്വർണ്ണക്കൊള്ളയുമായി എ പത്മകുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. അടുത്ത വിക്കറ്റും പോയി എന്നാണ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കിയുടെ പ്രതികരണം. ‘അടുത്ത വിക്കറ്റും പോയി. പത്മകുമാർ അറസ്റ്റിൽ. പറഞ്ഞത് ഒന്നും മാറുന്നില്ല. ഇനി സ്റ്റമ്പ് തെറിക്കാൻ പോകുന്നത് കടകംപള്ളി സുരേന്ദ്രൻ. വാസുവിൽ നിന്ന് വാസവനിലേക്ക് അധിക ദൂരം ഇല്ല. അമ്പലക്കള്ളന്മാർ ആണ് സിപിഐഎം. സ്വാമിയേ ശരണമയ്യപ്പാ’ എന്നാണ് അബിൻ വർക്കിയുടെ കുറിപ്പ്. എൻ വാസുവിനോട് അന്നേ മുഖത്ത് നോക്കി പറഞ്ഞതാണ്.. അയ്യനെ വിറ്റ് തിന്നാൻ നോക്കിയവർ ഒക്കെ പുറത്ത് വരും എന്ന്. അന്ന് അയാൾ ആ ചർച്ചയിൽ എനിക്ക് ശബരിമലയെ കുറിച്ച് ഒന്നും അറിയില്ല എന്നും ഇത്തരം പരാമർശം അനുവദിക്കരുതെന്നും പറഞ്ഞു. ഇവർക്ക് സംരക്ഷണം കൊടുത്തത് സി.പി.എം ആണ്. അമ്പലക്കള്ളന്മാർ ആണ് അവർ. വിക്കറ്റുകൾ വീണു കൊണ്ടേ ഇരിക്കുന്നുവെന്നും അബിൻ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
🗞️👉 സംഘങ്ങൾ പലതവണ ഏറ്റുമുട്ടിയിട്ടും പൊലീസ് ഇടപെട്ടില്ല, അലൻ കൊലപാതക കേസിൽ പൊലീസിന് ഗുരുതര വീഴ്ച
അലൻ കൊലപാതക കേസിൽ പൊലീസിന് ഗുരുതര വീഴ്ച. സംഘങ്ങൾ പലതവണ ഏറ്റുമുട്ടിയിട്ടും പൊലീസ് ഇടപെട്ടില്ല. സ്പെഷ്യൽ ബ്രാഞ്ചും വിഷയം ഗൗരവത്തിൽ കണ്ടില്ല. സംഘർഷ സാധ്യത ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല. കോടതിയിൽകീഴടങ്ങുന്നതുവരെ പ്രതികളെ പിടികൂടാൻ സാധിക്കാത്തതും ഗുരുതര വീഴ്ച്ചയായി. അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി കമ്മീഷണർ. ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിന് സമീപം ഒരു മാസം തുടർച്ചയായി സംഘർഷങ്ങൾ ഉണ്ടായിട്ടും പൊലീസ് ജാഗ്രത പാലിച്ചില്ല. രഹസ്യ അന്വേഷ അന്വേഷണ വിഭാഗവും ഗൗരവത്തിൽ കണ്ട് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല. കൊല കഴിഞ്ഞു 3 ദിവസങ്ങൾക്കു ശേഷം കോടതിയിൽ കീഴടങ്ങുന്നത് വരെ പ്രധാന പ്രതികളെ പിടികൂടാനും പോലീസിന് കഴിഞ്ഞില്ല.














