വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാള്‍ ദിനം രാജ്യത്തിന്റെ ഔദ്യോഗിക കലണ്ടറില്‍ ഉള്‍പ്പെടുത്തി ബ്രസീല്‍ ഭരണകൂടം. സെപ്റ്റംബർ 25ന് ആക്ടിംഗ് പ്രസിഡന്റ് ജെറാൾഡോ ആൽക്മിൻ നിയമത്തിന് അംഗീകാരം നല്കിയതോടെ ഭരണകൂടം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഇതോടെ മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെ തിരുനാള്‍ ദിനം ബ്രസീലിയൻ ദേശീയ കലണ്ടറിൽ ഔദ്യോഗികമായി ചേര്‍ന്നിരിക്കുകയാണ്.
ബ്രസീലിയൻ ജനതയുടെ കത്തോലിക്കാ വിശ്വാസത്തോടുള്ള ചരിത്രപരമായ ആദരവും പ്രാധാന്യവും പ്രസക്തിയും അംഗീകരിച്ചുക്കൊണ്ടാണ് മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെ അനുസ്മരണാര്‍ത്ഥം ഇത്തരമൊരു നടപടിയെന്ന് NO.15,219 എന്ന നിയമത്തില്‍ പറയുന്നു.
വിശുദ്ധ മിഖായേൽ വിശ്വാസത്തിന്റെ സംരക്ഷണത്തിന്റെയും പ്രതീകമാണെന്നും മിലിട്ടറി പോലീസിന്റെയും ഉബെറാബ, നോവ ഇഗ്വാസു, സാവോ മിഗുവൽ ഡോ ഓസ്റ്റെ, സാവോ മിഗുവൽ ഡോ ഇഗ്വാസു തുടങ്ങിയ നിരവധി ബ്രസീലിയൻ നഗരങ്ങളുടെയും രക്ഷാധികാരിയാണെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ബ്രസീലിന്റെ വിവിധ പ്രദേശങ്ങളിൽ വിശുദ്ധ മിഖായേലിന്റെ തിരുനാള്‍ ദിനത്തില്‍ ബഹുജന കൂട്ടായ്മകൾ, പ്രദിക്ഷണം എന്നിവയോടെ ആഘോഷിക്കാറുണ്ട്.












