“മാലാഖമാര്‍” എന്നു വിശുദ്ധഗ്രന്ഥം വിളിക്കുന്ന, അരൂപികളും അശരീരികളുമായ സൃഷ്ടികള്‍ ഉണ്ടെന്നത് വിശ്വാസത്തിലെ ഒരു സത്യമാണ്. ഇക്കാര്യത്തില്‍ വിശുദ്ധ ഗ്രന്ഥ സാക്ഷ്യവും പാരമ്പര്യത്തിന്റെ ഏകകണ്ഠമായ അഭിപ്രായവും ഒരു പോലെ വ്യക്തമാണ്.
വിശുദ്ധ മിഖായേല്‍
മിഖായേല്‍ എന്ന മുഖ്യ ദൂതന്റെ പേര് ഹീബ്രുവില്‍ അര്‍ത്ഥമാക്കുന്നത് ‘ദൈവത്തിനോട് അടുത്തവന്‍’ എന്നാണ്. സ്വര്‍ഗ്ഗീയ ദൂതന്മാരുടെ രാജകുമാരന്‍ എന്നും മിഖായേല്‍ മാലാഖ അറിയപ്പെടുന്നു. പടചട്ടയും പാദുകങ്ങളുമണിഞ്ഞ ഒരു യോദ്ധാവിന്റെ രൂപത്തിലാണ് വിശുദ്ധ മിഖായേലിനെ മിക്കപ്പോഴും ചിത്രീകരിച്ച് കണ്ടിട്ടുള്ളത്. വിശുദ്ധ ഗ്രന്ഥത്തില്‍ മിഖായേല്‍ എന്ന പേര് നാല് പ്രാവശ്യം രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം.
രണ്ടു പ്രാവശ്യം ദാനിയേലിന്റെ പുസ്തകത്തിലും ഒരു പ്രാവശ്യം വിശുദ്ധ ജൂതിന്റെയും പ്രബോധനത്തിലും ഒരു പ്രാവശ്യം വെളിപാട് പുസ്തകത്തിലും ഇത് കാണാന്‍ സാധിക്കും. വെളിപാട് പുസ്തകത്തില്‍ വിശുദ്ധ മിഖായേലും മറ്റ് മാലാഖമാരും ലുസിഫറും മറ്റ് സാത്താന്‍മാരുമായി നിരന്തരം പോരാടുന്നതായി വിവരിച്ചിട്ടുണ്ട്. സാത്താനോട് പോരാടുന്നതിനും, മരണസമയത്ത് ആത്മാക്കളെ സാത്താന്റെ പിടിയില്‍നിന്നു രക്ഷിക്കുന്നതിനും, ക്രിസ്ത്യാനികളുടെ രക്ഷകനായിരിക്കുന്നതിനും, ആത്മാക്കളെ അന്തിമവിധിക്കായി കൊണ്ട് വരുന്നതിനും മറ്റുമായി നാം വിശുദ്ധ മിഖായേലിന്റെ സഹായം അഭ്യര്‍ത്ഥിക്കുന്നു.
വിശുദ്ധ ഗബ്രിയേല്‍
വിശുദ്ധ ഗബ്രിയേല്‍ എന്ന പേര് അര്‍ത്ഥമാക്കുന്നത് ‘ദൈവം എന്റെ ശക്തി’ എന്നാണ്. ദൈവം തന്റെ അവതാര പദ്ധതികള്‍ മനുഷ്യര്‍ക്ക് വിളംബരം ചെയ്യുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്ന ദൂതന്‍ എന്ന നിലയിലാണ് വിശുദ്ധ ഗബ്രിയേല്‍ കൂടുതലായും അറിയപ്പെടുന്നത്. പരിശുദ്ധ മറിയത്തെ വിശുദ്ധ ഗബ്രിയേല്‍ അഭിവാദ്യം ചെയ്യുന്നത് വളരെ ലളിതവും എന്നാല്‍ അര്‍ത്ഥവത്തായ വാക്യങ്ങളാലാണ്. “നന്‍മ നിറഞ്ഞ മറിയമേ, നിനക്ക് സ്തുതി” എന്നത് മുഴുവന്‍ ക്രിസ്ത്യാനികളുടെയും പ്രിയപ്പെട്ട പ്രാര്‍ത്ഥന ആയി മാറിയിട്ടുണ്ട്.
വിശുദ്ധ റാഫേൽ
മുഖ്യദൂതനായ വിശുദ്ധ റാഫേലിനെ കുറിച്ചുള്ള വിവരം നമുക്ക് കിട്ടുന്നത് തോബിത്തിന്‍റെ പുസ്തകത്തില്‍ നിന്നുമാണ്. യുവാവായ തോബിത്തിനെ തന്റെ ജീവിത യാത്രയിലെ വിഷമ ഘട്ടങ്ങളില്‍ ആശ്വസിപ്പിക്കുന്ന ഒരു സഹചാരി എന്ന ദൗത്യമാണുള്ളത്. ബെത്സെദായിലെ കുളത്തിലെ അത്ഭുതവെള്ളം ഇളക്കിയത് വിശുദ്ധ റാഫേല്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഗബ്രിയേല്‍ എന്ന വാക്കിനര്‍ത്ഥം ‘ദൈവം ശാന്തി നല്‍കുന്നു’ എന്നാണ്.












