കടുത്തുരുത്തി: തകര്‍ന്ന തരിപ്പണമായി കിടക്കുന്ന റോഡിലൂടെ കാല്‍നടയായെങ്കിലും സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കി തരണമെന്ന് ആവശ്യവുമായി നാട്ടുകാര്‍. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന കീഴൂര്‍ – അറുനൂറ്റിമംഗലം – ഞീഴൂര്‍ റോഡിലെ യാത്രക്കാരാണ് ആവശ്യക്കാര്‍. കീഴൂര്‍ നിന്നും അറുനൂറ്റിമംഗലം വരെയുള്ള റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.
വാട്ടര്‍ അഥോറിറ്റി പൈപ്പ് ലൈന്‍ ഇടാന്‍ കുത്തിപ്പൊളിച്ചതാണ് റോഡ് തകരാന്‍ കാരണം. അറുനൂറ്റിമംഗലം മുതല്‍ ഞീഴൂര്‍ വരെ പല സ്ഥലങ്ങളിലായി റോഡ് തകര്‍ന്നു കിടക്കുകയാണ്. ഇതുവഴി നടന്നുപോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുചക്രവാഹന യാത്രക്കാര്‍ ഇവിടെ വാഹനങ്ങളില്‍ നിന്നും വീഴുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ദിവസവും സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പെടെ നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണിത്.
ഈ റോഡിന്റെ നിര്‍മാണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെന്ന് അധികൃതര്‍ ഇടയ്ക്കിടയ്ക്ക് പ്രസ്ഥാവന ഇറക്കുന്നതല്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മഴ മാറി നില്‍ക്കുന്ന സമയത്ത് എത്രയും വേഗം റോഡിന്റെ ടാറിംഗ് പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

തകര്‍ന്നു കിടക്കുന്ന കീഴൂര്‍ – ഞീഴൂര്‍ റോഡ്.













