ഞീഴൂര്‍: ഞീഴൂര്‍ പഞ്ചായത്തിലേക്ക് ബിജെപിയുടെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നിഫാം ഉടന്‍ അടച്ചു പൂട്ടണമെന്നും 25 ലക്ഷം രൂപ മുടക്കി നവീകരിച്ച ഞീഴൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ തകര്‍ന്നു വീണതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ബിജെപി ധര്‍ണ നടത്തിയത്.
ഞീഴൂര്‍ പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പന്നിഫാം 132 കുടുംബങ്ങളുടെ ജലസ്രോതസ്സ് മലിനപ്പെടാനിടയാക്കിയെന്നും പന്നിഫാം ഉടനെ അടച്ചു പൂട്ടണമെന്നും പതിമൂന്നാം വാര്‍ഡില്‍ ഇടപ്പാറ ഭാഗത്ത് ഒരു ലൈസന്‍സും ഇല്ലാതെ തൊണ്ണൂറില്‍പരം പന്നികളെ വളര്‍ത്തുന്നത് പഞ്ചായത്തിന്റെ ലൈസന്‍സോടുകൂടിയല്ലെന്നും ആ പന്നിഫാമും ഉടന്‍ പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടണമെന്നും ധര്‍ണയില്‍ ആവശ്യപ്പെട്ടു.
പഞ്ചായത്തിന്റെ കെടുകാര്യസ്ഥതകളും തകര്‍ന്ന പഞ്ചായത്ത് റോഡുകളും, വിവിധ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകളില്‍ നടന്ന അപാകതകളും ധര്‍ണാസമരത്തില്‍ ചൂണ്ടിക്കാണിച്ചു. ബിജെപി ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്രകാശിന്റെ അധ്യക്ഷതയില്‍ നടന്ന സമരം കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് ഷിജോ സെബാസ്റ്റ്യന്‍, ജയചന്ദ്രന്‍ കൊക്കാലിങ്കല്‍, ജോയ് തോമസ് മണലേല്‍, സുനേഷ് കാട്ടാംപാക്ക്, സുരേഷ് കൊച്ചുപുരയ്ക്കല്‍, രഞ്ചിത്ത് രാധാകൃഷ്ണന്‍, അനില്‍കുമാര്‍ മാളിയേക്കല്‍, പി.സി. രാജേഷ്, മോഹനന്‍ നായര്‍ തെക്കേടം, വിനോദ് വിജയന്‍, കെ.എ. രഞ്ചിത്ത്, അജേഷ് കുമാര്‍, സുഷമ അജി, ശ്രുതി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.














