2025 സെപ്റ്റംബർ 22 തിങ്കൾ 1199 കന്നി 06
വാർത്തകൾ
🗞️👉 ‘ജിഎസ്ടി പരിഷ്‌കരണം അപര്യാപ്തം’; വിമര്‍ശനവുമായി കോണ്‍ഗ്രസ്
ജിഎസ്ടി പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. വളര്‍ച്ചയെ അടിച്ചമര്‍ത്തുന്ന നികുതിയാണ് ജിഎസ്ടി (Growth Suppressing Tax – GST ) എന്നും നിലവിലുള്ള പരിഷ്‌കരണങ്ങള്‍ അപര്യാപ്തമാണെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചു. ജിഎസ്ടി ക്രമത്തില്‍ അടുത്തിടെ വരുത്തിയ ഭേദഗതികളുടെ ഉടമസ്ഥാവകാശം പ്രധാനമന്ത്രി അവകാശപ്പെടുന്നതിനെ ജയറാം രമേശ് വിമര്‍ശിച്ചു.
🗞️👉 സമഗ്രമായ ജാതി സെൻസസ് അനിവാര്യം: ജോസ് കെ മാണി എം പി
പാലാ . ജാതി സെൻസസുമായി ബന്ധപ്പെട്ട അവ്യക്തത പരിഹരിച്ചു ജാതി സെൻസസ് അടിയന്തരമായി പൂർത്തിയാക്കണമെന്നും, അവകാശങ്ങൾ നേടിയെടുക്കുവാൻ പട്ടികജാതി സമൂഹം സമ്മർദ്ദ ശക്തിയായി മാറണമെന്നും ജോസ്.കെ. മാണി.എം.പി. ഉപ സംവരണവുമായി ബന്ധപ്പെട്ടും പട്ടികജാതി വിഭാഗത്തിൻ്റെ ആശങ്കകൾ പരിഹരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു , ഭാരതീയ വേലൻ സൊസൈറ്റി ( ബി.വി.എസ് ) 51-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരന്നു അദ്ദേഹം.
🗞️👉 ജാതിയില്‍ വിശ്വാസമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി
ജാതി, മതം, ഭാഷ, എന്നിവ ഒരു മനുഷ്യനെയും മഹാനാക്കുന്നില്ലെന്നും വ്യക്തിയിലെ ഗുണങ്ങളാണ് അവരെ ശ്രേഷ്ഠരാക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. തനിക്ക് സംവരണം തന്നില്ല എന്നതാണ് ദൈവം തനിക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമെന്ന് എപ്പോഴും തമാശയായി പറയാറുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. നാഗ്പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ബ്രാഹ്മണര്‍ ചെലുത്തുന്ന സാമൂഹിക സ്വാധീനത്തിലെ വ്യത്യാസത്തെക്കുറിച്ചും ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയില്‍ ബ്രാഹ്മണര്‍ക്ക് പ്രാധാന്യമില്ല. എന്നാല്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ അവര്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. അവിടെ പോകുമ്പോഴൊക്കെ ഗണ്യമായ അധികാരവും സ്വാധീനവുമുള്ള ദുബേമാരേയും മിശ്രമാരെയും ത്രിപാഠിമാരെയും കണ്ടിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയില്‍ സംവരണത്തിനു വേണ്ടിയുള്ള ആവശ്യം ശക്തമാകുന്നതിനിടെയാണ് ഗഡ്കരിയുടെ വാക്കുകള്‍.
🗞️👉 അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ; കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്. നാളെയും മറ്റന്നാളുമാണ് പ്രതിഷേധം. ഈ ദിവസങ്ങളിൽ കരിദിനം ആചരിക്കും. മെഡിക്കൽ കോളജുകളിൽ ധർണയും ഡിഎംഇ ഓഫീസിലേക്ക് മാർച്ച് നടത്തും. അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. പുതിയ മെഡിക്കൽ കോളേജുകളിൽ തസ്തിക സൃഷ്ടിക്കുന്നില്ലെന്ന് കെജിഎംസിടിഎ. മറ്റ് മെഡിക്കൽ കോളജുകളിൽ നിന്ന് താൽക്കാലിക സ്ഥലംമാറ്റം നടത്തുന്നതും പ്രതിഷേധത്തിന് കാരണം. ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടായില്ലെന്ന് സംഘടന. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒപി സേവനങ്ങൾ നിർത്തിവെക്കും എന്നും കെജിഎംസിടിഎ മുന്നറിയിപ്പ് നൽകി.
🗞️👉 പാകിസ്താനെതിരെ ടോസ് നേടി ഇന്ത്യ; ബൗളിംഗ് തെരഞ്ഞെടുത്തു
ഏഷ്യാകപ്പ് സൂപ്പർ ഫോർ – പാകിസ്താനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് പാകിസ്താനെതിരെ ഇറങ്ങുന്നത്. ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും ടീമിൽ തിരിച്ചെത്തി. സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ബാറ്ററായി തുടരും. ഹസ്തദാന വിവാദം പുതിയ തലത്തിലെത്തി നിൽക്കെയാണ് ചിരവൈരികൾ വീണ്ടും മുഖാമെത്തുന്നത്. ഈ മത്സരത്തിലും ടോസിന് ശേഷം ഇന്ത്യൻ നായകൻ സൂര്യ കുമാർ യാദവ് പാക് ക്യാപ്റ്റന് ഹസ്തദാനം നൽകാൻ തായാറായില്ല. യുഎഇക്കെതിരെ കഷ്ടിച്ച് ജയിച്ച് പാകിസ്താൻ സൂപ്പർ ഫോറിലെത്തിയപ്പോൾ ഇന്ത്യയാകാട്ടെ ഒമാനെ കൂടി തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇന്നും ലോക ചാമ്പ്യന്മാരായ ഇന്ത്യക്ക് തന്നെയാണ് മുൻതൂക്കം. അഭിഷേക് ശർമ്മയും സൂര്യ കുമാർ യാദവും സഞ്ജു സാംസണും അടങ്ങുന്ന ബാറ്റിങ് നിരയും പവർ പാക്കഡാണ്. അതേസമയം സ്ഥിരതിയില്ലാത്ത ടീമിനെയും കൊണ്ട് ഇന്നുകൂടി തോറ്റാൽ പാകിസ്താന് നിൽക്കാൻ പറ്റാത്ത അവസ്ഥയാകും.
🗞️👉 GST പരിഷ്കാരം രാജ്യത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തും; പ്രധാനമന്ത്രി
രാജ്യം ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലേക്ക് നിർണായക ചുവടുവയ്പ്പ് നടത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി പരിഷ്കാരം രാജ്യത്തിൻറെ വികസനത്തെ ത്വരിതപ്പെടുത്തും. പുതിയ ചരിത്രത്തിനു തുടക്കമിട്ടെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ജി എസ് ടി ഇളവ് എല്ലാം മേഖലയിലുള്ള ആളുകൾക്കും ഗുണം ചെയ്യും. മധ്യവർഗ്ഗത്തിനും യുവാക്കൾക്കും ഗുണം ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. നേരത്തെ ഡസൻ കണക്കിന് ടാക്സുകൾ രാജ്യത്ത് ഉണ്ടായിരുന്നു. ലക്ഷക്കണക്കിന് കമ്പനികളെ ടാക്സുകൾ ബാധിച്ചിരുന്നു. ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്ക് സാധനങ്ങൾ കയറ്റി അയക്കാൻ പോലും ബുദ്ധിമുട്ട് നേരിട്ടിരുന്നു. ആ അവസ്ഥയിൽ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടത് അത്യാവശ്യമായിരുന്നു. ജിഎസ്ടി ഇതിനെല്ലാം പ്രതിവിധിയായെന്ന് പ്രധാനമന്ത്രി പറഞ്ഞു.












