ഖത്തറിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി. കൃത്യമായി വാഹന രജിസ്ട്രേഷൻ, അഥവാ ഇസ്തിമാറ പുതുക്കാത്ത വാഹനങ്ങൾ നിയമാനുസൃതമാക്കാൻ ഒരു മാസത്തെ സമയമാണ് ജനറൽ ട്രാഫിക് ഡയറക്ടേറ്റ് നൽകിയിരുന്നത്. ജൂലൈ 27 മുതൽ ആഗസ്റ്റ് 27 വരെയായിരുന്നു അനുവദിക്കപ്പെട്ടിരുന്ന സമയം. പുതുക്കൽ
കേന്ദ്രങ്ങളിലെ തിരക്കും ഉപയോക്താക്കളുടെ സൗകര്യവും കണക്കിലെടുത്താണ് സമയപരിധി ഈ വർഷം അവസാനം വരെ നീട്ടിയത്. ഡിസംബർ 31ന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ അംഗീകൃത ഗൾഫ് നിലവാരം പാലിച്ചില്ലെങ്കിലും നിയന്ത്രണങ്ങളില്ലാതെ വിൽക്കാനും പ്രദർശിപ്പിക്കാനുമാകും.
ഷോറൂമുകളിലും ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലും ഇതനുവദിക്കും. അതിനു ശേഷം രജിസ്റ്റർ ചെയ്ത വാഹനങ്ങൾ നിലവാരം പാലിച്ചില്ലെങ്കിൽ വിൽപനയോ പ്രദർശനമോ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവർക്ക് ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.













