956-ല്‍ റാവെന്നായിലെ ഹോനെസ്റ്റി എന്ന് വിളിക്കപ്പെടുന്ന പ്രഭുക്കന്മാരുടെ കുടുംബത്തിലാണ് വിശുദ്ധ റോമുവാള്‍ഡ് ജനിക്കുന്നത്. ദൈവത്തിനു വേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ചെറുപ്പം മുതലേ വിശുദ്ധനുണ്ടായിരുന്നു. വിശുദ്ധന് ഇരുപത് വയസ്സ് പ്രായമുള്ളപ്പോള്‍ അവന്റെ പിതാവായിരുന്ന സെര്‍ജിയൂസ് തന്റെ സ്വന്തത്തിലുള്ള ഒരാളുമായി മല്ലയുദ്ധത്തിലൂടെ തീര്‍ക്കുവാന്‍ തീരുമാനിച്ചു. ഒരു തോട്ടത്തേ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരിന്നു അത്. ഈ ക്രൂരമായ പദ്ധതി വിശുദ്ധന് ഒട്ടും ഇഷ്ടമില്ലായിരുന്നു വെങ്കിലും പൈതൃകസ്വത്തിലുള്ള അവകാശം നഷ്ടപ്പെടും എന്ന കാരണത്താല്‍ വിശുദ്ധ ഈ യുദ്ധത്തിനു സാക്ഷ്യം വഹിച്ചു. സെര്‍ജിയൂസ് തന്റെ എതിരാളിയെ പരാജയപ്പെടുത്തി, എന്നാല്‍ ഇതിന് സാക്ഷ്യം വഹിക്കേണ്ടി വന്നതില്‍ പശ്ചാത്താപ വിവശനായ വിശുദ്ധന് അടുത്തുള്ള ബെനഡിക്ടന്‍ ആശ്രമത്തില്‍ 14 ദിവസത്തോളം കഠിനമായ രീതിയില്‍ അനുതപിക്കുകയുണ്ടായി. അവിടത്തെ ജീവിത രീതികളും, കൂടാതെ ദൈവഭക്തനായ ഒരു
അത്മായ സഹോദരന്റെ ഉപദേശവും കാരണം വിശുദ്ധന് ആ ആശ്രമത്തില്‍ ചേരുവാന്‍ തീരുമാനിച്ചു.വിശുദ്ധന്റെ പിതാവ് ശക്തമായി എതിര്‍ത്തുവെങ്കിലും അവസാനം വിശുദ്ധന് അനുവാദം ലഭിച്ചു. ഏതാണ്ട് ഏഴു വര്‍ഷത്തോളം വിശുദ്ധന് ഈ ഭവനത്തില്‍ വളരെയേറെ ഭക്തിയോടെ ചിലവഴിച്ചു. എന്നാല്‍ വിശുദ്ധന്റെ ജീവിതത്തില്‍ അസൂയാലുക്കളായ ചില സന്യാസിമാര്‍ വിശുദ്ധനെതിരെ ഗൂഡാലോചന നടത്തി. അതിന്റെ ഫലമായി വിശുദ്ധന് അവിടത്തെ ആശ്രമാധിപന്റെ അനുവാദത്തോടെ ആ ആശ്രമം ഉപേക്ഷിച്ച് വെനീസിന്റെ സമീപപ്രദേശത്ത് എത്തുകയും ദിവ്യനായ മാരിനൂസ് എന്ന സന്യാസിയുടെ ശിക്ഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ലൗകീക ജീവിതം ഉപേക്ഷിച്ചതു മുതല്‍ വിശുദ്ധന് നിരവധി തവണ സാത്താന്റെ പലരീതികളിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ രാത്രിമുഴുവനും നീണ്ട പ്രാര്‍ത്ഥനയാല്‍ വിശുദ്ധന് സാത്താന്റെ പരീക്ഷണങ്ങളെ നേരിട്ടു. അഞ്ചു വര്‍ഷത്തോളം നീണ്ട ആന്തരിക
മനക്ഷോഭങ്ങളും, സാത്താന്റെ പരീക്ഷണങ്ങളും അതിജീവിച്ചത് വിശുദ്ധന്റെ ഹൃദയത്തെ വിശുദ്ധീകരിക്കുകയും തന്റെ ദൈവനിയോഗം നിറവേറ്റുന്നതിനു വിശുദ്ധനെ തയ്യാറാക്കുകയും ചെയ്തു. വിശുദ്ധന്റെ ജീവിത മാതൃക കണ്ട് അദ്ദേഹത്തിന്റെ പിതാവായ സെര്‍ജിയൂസ് രാവെന്നാക്ക് സമീപമുള്ള വിശുദ്ധ സെവേരിയൂസിന്റെ ആശ്രമത്തില്‍ ചേര്‍ന്നുവെങ്കിലും പ്രലോഭങ്ങള്‍ക്ക് വിധേയനായി വീണ്ടും ലൗകീക ജീവിതത്തിലേക്ക് തിരികെ വരുവാന്‍ തീരുമാനിച്ചു. വിശുദ്ധ റോമുവാള്‍ഡ് ഒരാശ്രമം പണിയുവാന്‍ കുറച്ച് സ്ഥലം നല്‍കണമെന്നപേക്ഷിച്ചുകൊണ്ട് തന്റെ ആളുകളെ മാരിനോ പ്രവിശ്യയിലെ പ്രഭുക്കന്മാരുടെ പക്കലേക്ക് അയച്ചു. വിശുദ്ധന്റെ നാമം കേട്ടമാത്രയില്‍ തന്നെ അവര്‍ വിശുദ്ധനു ഇഷ്ടപ്പെട്ട സ്ഥലം എടുത്തുകൊള്ളുവാന്‍ അനുവാദം കൊടുത്തുവെന്ന് പറയപ്പെടുന്നു. കാസ്ട്രോ താഴ്വരയായിരുന്നു വിശുദ്ധന് അതിനായി തിരഞ്ഞെടുത്തത്. അവിടെ വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളുടെ ഫലം അളവില്ലാത്തതായിരുന്നു. ഒരു
രക്തസാക്ഷിയാകണമെന്ന അടക്കാനാവാത്ത ആഗ്രഹം വിശുദ്ധനുണ്ടായിരുന്നു. പാപ്പായുടെ അനുവാദപ്രകാരം വിശുദ്ധന് സുവിശേഷ പ്രഘോഷണത്തിനായി ഹംഗറിയിലേക്ക് പോയി. ഇതിനിടെ വിശുദ്ധനെ പാപ്പാ റോമിലേക്ക് വിളിപ്പിച്ചു. അവിടെയെത്തിയ വിശുദ്ധന് നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി പറയപ്പെടുന്നു. ഏഴ് വര്‍ഷക്കാലത്തോളം വിശുദ്ധന് സിട്രിയയില്‍ താമസിച്ചു. തന്റെ വാര്‍ദ്ധക്യ കാലത്തിലും വിശുദ്ധന് വളരെ കഠിനമായ ആശ്രമ ചര്യകളായിരുന്നു പിന്തുടര്ന്നിരുന്നത്. ടസ്കാനിയിലെ ആരെസ്സോയിലുള്ള കാമല്‍ഡോളി ആശ്രമമായിരുന്നു വിശുദ്ധന്റെ ഏറ്റവും പ്രസിദ്ധമായ ആശ്രമം. 1009-ലാണ് വിശുദ്ധന് ഈ ആശ്രമം പണികഴിപ്പിക്കുന്നത്. ഈ ആശ്രമത്തില്‍ വെച്ചാണ് വിശുദ്ധന് മരണപ്പെടുന്നത്. മരിക്കുമ്പോള്‍ വിശുദ്ധന് ഏതാണ്ട് എഴുപതു വയസ്സായിരുന്നു പ്രായം. ജൂണ്‍ 19-നായിരുന്നു വിശുദ്ധന് മരണമടയുന്നത്. എന്നാല്‍ ഈ വിശുദ്ധന്റെ മുഖ്യ തിരുന്നാള്‍ ദിനമായി ക്ലമന്റ് എട്ടാമന് നിശ്ചയിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ ഭൗതിക ശരീരം മാറ്റി സ്ഥാപിച്ച ദിനമായ ഫെബ്രുവരി 7നാണ്.













