2025 ജൂൺ 18 ബുധൻ 1199 മിഥുനം 04
വാർത്തകൾ
🗞️👉 വന്യജീവി ഭീകരത അവസാനിപ്പിക്കുവാൻ പ്രധാനമന്ത്രി ഇടപെടണം കർഷക യൂണിയൻ എം
പാലാ : വന്യജീവി ഭീകരത അവസാനിപ്പിക്കുവാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് കേരള കർഷക യൂണിയൻ (എം ) പാലാ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വർഷങ്ങൾക്കു മുമ്പ് രൂപം കൊടുത്തവന്യജീവി നിയമം കാലോചിതമായി ഭേദഗതി ചെയ്യാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കാലഹരണപ്പെട്ട വന്യജീവി നിയമം ഉടൻ ഭേദഗതി ചെയ്യണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. വന്യജീവികൾ ജനവാസ മേഖലയിലേക്ക് കടന്നുവന്നാൽ എന്ത് ചെയ്യണമെന്ന് ഇപ്പോഴത്തെ നിയമത്തിൽ പരാമർശം ഇല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ഈ അവ്യക്തത മുതലാക്കുവാൻ ചിലർ ശ്രമിക്കുന്നത് പ്രതിസന്ധിക്ക് കാരണമാകുന്നു എന്നും യോഗം ചൂണ്ടിക്കാട്ടി. ജനവാസ മേഖലയിലേക്ക് കടന്നുവരുന്ന വന്യമൃഗങ്ങളെ ഇല്ലായ്മ ചെയ്യുവാൻ സാധിക്കുന്ന വിധത്തിലുള്ള നിയമ ഭേദഗതിയാണ് വേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു. കർഷക യൂണിയൻ (എം ) പാലാ നിയോജക മണ്ഡലം കമ്മിറ്റി അംഗമായിരുന്ന വിപി ബെന്നി വട്ടക്കോട്ടയിലിന്റെ ആകസ്മിക നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
🗞️👉 പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ വിജയദിനാഘോഷം
പെരിങ്ങുളം. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി പതിനെട്ടാം തവണയും 100% വിജയം നേടിയ പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ വിജയ ദിനം ആഘോഷിച്ചു. 51 പേർ പരീക്ഷയെഴുതിയതിൽ 12 ഫുൾ എ പ്ലസും, 3 ഒൻപത് എ പ്ലസും, 2 എട്ട് എ പ്ലസും, നേടി സമീപപ്രദേശങ്ങളിലെ ഏറ്റവും മികച്ച സ്കൂൾ ആയി മാറിയ സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ വിജയാഘോഷം പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാദർ ജോർജ് മടുക്കാവിൽ യോഗത്തിന്റെ അധ്യക്ഷപദം അലങ്കരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസുകുട്ടി ജേക്കബ്, അസിസ്റ്റന്റ് മാനേജർ റവ. ഫാദർ സജി അമ്മോട്ടുകുന്നേൽ ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോർജ് മാത്യു അത്യാലിൽ, വാർഡ് മെമ്പർ ശ്രീ പി യു വർക്കി, വാർഡ് മെമ്പർ ശ്രീ സജി കദളിക്കാട്ടിൽ, പിടിഎ പ്രസിഡന്റ് ശ്രീ ബിജു സി കടപ്രയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്കോളർഷിപ്പുകളും മെഡലുകളും മെമെന്റോയും വിതരണം ചെയ്തു.. കുട്ടികൾ അടുത്ത എസ്എസ്എൽസി ബാച്ചിന് വിജയദീപം കൈമാറി.
🗞️👉 ഇറാൻ നിരുപാധികം കീഴടങ്ങണം’: മുന്നറിയിപ്പുമായി ഡൊണൾഡ് ട്രംപ്
ഇറാൻ ഇസ്രയേൽ യുദ്ധത്തിൽ ഇടപെടലുമായി അമേരിക്കയും. ഇറാൻ കീഴടങ്ങണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് അറിയാം. ഈ അവസരത്തിൽ അവിടെ ആക്രമണം നടത്തില്ല. നിരുപാധികം കീഴടങ്ങുന്നതാണ് നല്ലതെന്ന് ദി ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പോസ്റ്റ്.
🗞️👉 മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണം: പ്രസവശേഷം പൊക്കിള്‍ക്കൊടി യുവതി തന്നെ മുറിച്ചു; കരയുന്ന കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചെന്നും മൊഴി
പത്തനംതിട്ട മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് യുവതി പ്രസവിക്കുന്നത്. പ്രസവശേഷം പൊക്കിള്‍ക്കൊടി യുവതി തന്നെ മുറിച്ചുമാറ്റി. കുഞ്ഞിന്റെ മൃതശരീരം ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍ വീടിന്റെ പരിസരത്ത് വെച്ചതും താന്‍ തന്നെയെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നാളെ നടക്കുമെന്ന് പൊലീസ് അറിയിച്ചു.
🗞️👉 ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷത്തിന് അയവില്ല; ഇസ്രയേലില്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി ഇറാന്‍
ഇസ്രയേലില്‍ വീണ്ടും ഇറാന്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ ദേശീയ വാര്‍ത്ത ഏജന്‍സി ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇറാനിയന്‍ തലസ്ഥാനമായ ടെഹ്‌റാനിലും ഇപ്പോള്‍ സ്‌ഫോടന ശബ്ദം കേള്‍ക്കുന്നതായി പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ദിവസമായിട്ടും ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ഇറാനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ 24 പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ അറിയിച്ചു.
🗞️👉 ഗസ്സയിലെ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ കാത്തുനിന്നവര്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം; 51 പേര്‍ കൊല്ലപ്പെട്ടു
ഗസ്സയില്‍ ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 51 പേര്‍. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ഗസ്സയിലെ സഹായ വിതരണ കേന്ദ്രത്തിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ വെടിവയ്പ്പുണ്ടായത്. ഖാന്‍ യൂനിസിലെ സഹായ കേന്ദ്രത്തിന് സമീപം ജനക്കൂട്ടത്തിന് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തതായി ഹമാസ് നടത്തുന്ന സിവില്‍ ഡിഫന്‍സ് ഏജന്‍സി പറഞ്ഞു. 200-ലധികം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ഇസ്രയേല്‍ സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.













