പ്രഭാത വാർത്തകൾ

Date:

  🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
സെപ്തംബർ 29, 2023 വെള്ളി 1199 കന്നി 12

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.

https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

🗞🏵 ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ.എം.എസ് സ്വാമിനാഥന്‍ അന്തരിച്ചു. ഇന്നലെ 11.20 ന് ചെന്നൈയിലായിരുന്നു അന്ത്യം. 98 വയസ്സുണ്ടായിരുന്നു. ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയായിരുന്നു എം.എസ് സ്വാമിനാഥന്‍. സ്വാമിനാഥന്റെ പരിഷ്‌കാരങ്ങളാണ് രാജ്യത്ത് പട്ടിണി ഇല്ലാതാക്കിയത്. പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം.

🗞🏵 ഖലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനിടെ കാനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ഇന്ത്യൻ ഹാക്കർമാർ. ബ്രിട്ടിഷ് മാധ്യമമായ ‘ദ് ടെലിഗ്രാഫ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് കനേഡിയൻ സേനയുടെ വൈബ്‌സൈറ്റ് പ്രവർത്തനരഹിതമായത്. ഇതിനു പിന്നാലെ ഇന്ത്യൻ സൈബർ ഫോഴ്സ് എന്ന സംഘം ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും സ്ക്രീൻഷോട്ട് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവയ്ക്കുകയുമായിരുന്നു
 
🗞🏵 അരവിന്ദാക്ഷന്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷന്‍ വിദേശയാത്ര നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി ചൂണ്ടിക്കാണിക്കുന്നു.സതീഷ് കുമാറും അരവിന്ദാക്ഷനും ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് ദുബായിലേക്ക് യാത്ര നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. .

🗞🏵 ഇംഫാലിൽ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിന്റെ ആളൊഴിഞ്ഞ സ്വകാര്യ വസതിക്കു നേരെ ആക്രമണശ്രമം. ആകാശത്തേക്കു വെടിയുതിർത്തു പൊലീസ് ആക്രമണശ്രമം തടഞ്ഞു. ഹെയിൻഗാങിലെ ബിരേൻ സിങ്ങിന്റെ സ്വകാര്യ വസതിയുടെ 150 മീറ്ററിന് അകലെ വച്ചു തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധിക്കാരെ തടഞ്ഞു. സ്വകാര്യവസതിക്കു സുരക്ഷാ ഉദ്യോഗസ്ഥർ കാവൽനിൽക്കുന്നുണ്ടെങ്കിലും ഇവിടെ ആരും താമസിക്കുന്നില്ല. ഇംഫാലിലെ ഔദ്യോഗിക വസതിയിലാണ് ബിരേൻ സിങ് താമസിക്കുന്നത് . 
 
🗞🏵 സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നടക്കുന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് പുറത്തുവിട്ട് സഹകരണ രജിസ്ട്രാർ. യുഡിഎഫ് ഭരിക്കുന്ന സംഘങ്ങളിലാണ് ഏറ്റവും കൂടുതൽ ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തൽ. ക്രമക്കേടുണ്ടായ 272 സഹകരണ സംഘങ്ങളിൽ 202 എണ്ണത്തിലും ഭരണം യുഡിഎഫ് സമിതിക്കാണെന്നും തിരുവനന്തപുരം ജില്ലയിലെ സഹകരണ സംഘങ്ങളിലാണ് കൂടുതൽ തട്ടിപ്പുകള്‍ നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

🗞🏵 സഹകരണ ബാങ്കില്‍ നിന്ന് ജപ്തി സൂചന നല്‍കിക്കൊണ്ടുള്ള നോട്ടീസ് ലഭിച്ചതിനു പിന്നാലെ ആത്മഹത്യക്കു ശ്രമിച്ച കുടുംബത്തിലെ വയോധിക മരിച്ചു. അമിതമായി ഉറക്കഗുളിക അകത്തു ചെന്നതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കറുകുറ്റി അപോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാതിക്കുടം മച്ചിങ്ങല്‍ വീട്ടില്‍ തങ്കമണി (69) യാണ് വ്യാഴാഴ്ച വൈകീട്ടോടെ മരിച്ചത്.
 
🗞🏵 ഒക്‌ടോബർ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ മത്സരിക്കുന്നതിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി. ഏഴ് വർഷത്തിന് ശേഷമുള്ള പാകിസ്ഥാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണ് ഇത്. ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീം ദുബായിൽ നിന്നാണ് ഹൈദരാബാദിൽ എത്തിയത്.

🗞🏵 ഇന്ത്യയിലെ ഖലിസ്ഥാനികളുടെ താവളങ്ങളിലേക്ക് ഇരച്ചുകയറി എൻഐഎയും മിലിട്ടറി ഇന്റലിജൻസും. ഖലിസ്ഥാൻ ഭീകരരേ പിടികൂടുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഖലിസ്ഥാൻ തീവ്രവാദികൾക്കായി രാജ്യവ്യാപക പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജൻസികളായ എൻഐഎയും മിലിട്ടറി ഇന്റലിജൻസും സംയുക്തമായിട്ടാണ് പരിശോധന നടത്തുന്നത്. കാനഡ, പാക്കിസ്ഥാൻ എന്നി രാജ്യങ്ങൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ തീവ്രവാ​ദികളുടെ ഇന്ത്യയിലെ താവളങ്ങളിലാണ് പരിശോധന. 

🗞🏵 കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ഇത് ശമ്പളമുള്ള ജോലിയല്ലെന്നും രാഷ്ട്രീയക്കാരനെന്ന നിലയിലുള്ള എല്ലാ സ്വാതന്ത്ര്യവും തുടര്‍ന്നും വഹിക്കാമെന്നുമുള്ള കേന്ദ്രമന്ത്രിയുടെ ഉറപ്പിലാണ് പദവി ഏറ്റെടുക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

🗞🏵 ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കോഴപ്പണ പരാതിയില്‍ ആരോപണ വിധേയനായ അഖില്‍ സജീവും പരാതിക്കാരനായ ഹരിദാസനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. ഒരാഴ്ചക്കുള്ളില്‍ നിയമനം ശരിയാക്കുമെന്നും പരാതി നല്‍കിയിട്ട് എന്തുനേട്ടമാണുള്ളതെന്നും അഖില്‍ സജീവ് ചോദിക്കുന്ന ഓഡിയോ ക്ലിപ്പ് ഹരിദാസ് തന്നെയാണ് പുറത്തുവിട്ടത്.
 
🗞🏵 പ്രശസ്ത ഹോളിവുഡ് നടൻ സർ മൈക്കിൾ ഗാംബൻ (82) അന്തരിച്ചു. ഹാരി പോട്ടർ സീരീസിലെ പ്രൊഫ. ആൽബസ് ഡംബിൾഡോർ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനാണ് ബ്രിട്ടീഷ്-ഐറിഷ് നടനായ മൈക്കിൾ ഗാംബൻ. ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

🗞🏵 കുണ്ടും കുഴിയുമില്ലാത്ത ദേശീയപാതകൾ വൈകാതെ യാഥാർഥ്യമാകുമെന്ന് കേന്ദ്രസർക്കാർ. ഇക്കൊല്ലം ഡിസംബറോടെ രാജ്യത്തെ എല്ലാ ദേശീയപാതകളിലെയും കുഴിയടയ്ക്കുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി വ്യക്തമാക്കി.

🗞🏵 കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ഡിഐജി ആർ.നിശാന്തിനിയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ പൊലീസിനു ഗുരുതരവീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ട്. ആക്രമണത്തിനിടെ പൊലീസുകാർ സ്വയരക്ഷാർഥം ഓടിയൊളിച്ചു. അക്രമാസക്തനായ പ്രതിയെ നിയന്ത്രിക്കാൻ ശ്രമിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

🗞🏵 പഞ്ചാബിൽ ശിരോമണി അകാലിദൾ നേതാവിനെ വെടിവച്ചുകൊന്നു. സുർജിത് സിംഗ് ആണ് കൊല്ലപ്പെട്ടത്.

🗞🏵 കരുവന്നൂര്‍ വിഷയത്തില്‍ നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാതിരിക്കാൻ കാരണം ഇ.ഡിയെന്ന് സഹകരണമന്ത്രി വി.എന്‍ വാസവന്‍. നിക്ഷേപകർക്ക് പണം തിരികെക്കിട്ടിയില്ല എന്ന് പറയുന്നത് വിവരക്കേടാണെന്ന് മന്ത്രി പറഞ്ഞു. 208 കോടിരൂപയില്‍ 76 കോടിരൂപ നിക്ഷേപകർക്ക് മടക്കിക്കൊടുത്തു. 110 കോടിയുടെ നിക്ഷേപങ്ങൾ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.

🗞🏵 വീട്ടില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വീട്ടുടമ റയീസ് (45), മകന്‍ സല്‍മാന്‍ (25) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ 153 എ, 153 ബി വകുപ്പുകള്‍ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ഭഗത്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബുധന്‍പൂര്‍ അലിഗഞ്ചിലാണ് വീടിന് മുകളില്‍ പാക് പതാക ഉയര്‍ത്തിയത്.

🗞🏵 ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്ഐയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ- കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് പാക് ചാരസംഘടനയുടെ ഈ നീക്കത്തിന് പിന്നിലെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍. ഇതോടെ ഇതുസംബന്ധിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് കാനഡ.
 
🗞🏵 മയക്കുമരുന്ന് കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍. സുഖ്പാല്‍ സിംഗ് ഖൈറയാണ് പഞ്ചാബ് പൊലീസിന്റെ പിടിയിലായത്. എംഎല്‍എയ്ക്കെതിരെ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു പഴയ കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ ചണ്ഡീഗഡിലെ ബംഗ്ലാവില്‍ റെയ്ഡ് നടന്നിരുന്നു.

🗞🏵 ഗുജറാത്തിലെ സയന്‍സ് സിറ്റിയില്‍ റോബോട്ട് നല്‍കുന്ന ചായ ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ റോബോട്ടിക്‌സ് ഗാലറി സന്ദര്‍ശിച്ചത്. റോബോട്ടിക്‌സ് എക്‌സിബിഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
 
🗞🏵 കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് ദീപക് സിംഗിനെതിരെ കേസെടുത്തു. സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനും പാകിസ്ഥാനി എന്ന് വിളിച്ചതിനും പ്രാദേശിക ബിജെപി നേതാവ് കേശവ് സിംഗ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

🗞🏵 ഭീകരമുക്ത ജമ്മു കശ്മീർ എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നത് വിദൂരത്തല്ലെന്ന് ഡിജിപി ദിൽബാഗ് സിംഗ്. യുവതലമുറയെ ലക്ഷ്യമിട്ട് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി ജമ്മു കശ്മീരിൽ മയക്കുമരുന്ന് ഭീകരവാദം നടക്കുന്നുണ്ടെന്നും കഴിഞ്ഞ രണ്ട് വർഷമായി പാക്കിസ്ഥാനും അവരുടെ ഏജൻസികളും ഇതിന് നേതൃത്വം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

🗞🏵 കാവേരി നദീ ജല തര്‍ക്കത്തില്‍ കര്‍ണാടകയെ സ്തംഭിപ്പിക്കാനൊരുങ്ങി കന്നഡ സംഘടനകള്‍. നദീജലം തമിഴ്‌നാടിനു നല്‍കുന്നതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് രണ്ടായിരത്തോളം വരുന്ന കര്‍ണാടകാനുകൂല- കര്‍ഷക സംഘടനകള്‍. രാവിലെ 6 മുതല്‍ വൈകീട്ട്‌ 6 വരെയാണ് ബന്ദ്.

🗞🏵 ജാർഖണ്ഡിലെ വെസ്‌റ്റ് സിംഗ്ഭും ജില്ലയിൽ നക്‌സൽ ആക്രമണത്തെ തുടർന്ന് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് കോബ്ര ബറ്റാലിയൻ 209ലെ സൈനികൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. തുംബഹാക, സർജോംബുരു ഗ്രാമങ്ങൾക്ക് സമീപമുള്ള കുന്നുകളിൽ നക്‌സലൈറ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചാണ് സൈനികൻ കൊല്ലപ്പെട്ടത്.

🗞🏵 ചാർജ് ചെയ്യാൻ കുത്തിയിട്ട മൊബൈലിൽ സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു യുവതിക്ക് ദാരുണാന്ത്യം. തഞ്ചാവൂരിലെ കുംഭകോണം പാപനാശത്ത്, ആണ് സംഭവം. കപിസ്ഥലയിൽ മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്. ചാർജ് ചെയ്തുകൊണ്ടിരുന്ന ഫോണിൽ ഹെഡ് സെറ്റ് കണക്ട് ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.

🗞🏵 തൃശൂര്‍ ആസ്ഥാനമായ സംസ്ഥാനത്തെ പ്രമുഖ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിന് പുതുജീവന്‍. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബാങ്കിന് പുതിയ ചെയര്‍മാനെ ലഭിച്ചു. നിലവില്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായ കെ.എന്‍ മധുസൂദനനെ മൂന്ന് വര്‍ഷക്കാലാവധിയില്‍ ഇടക്കാല ചെയര്‍മാനായി നിയമിക്കാന്‍ റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കുകയായിരുന്നു. നിയമനം ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു.സംസ്ഥാന ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ജ്യേഷ്ഠ സഹോദരനാണ് കലഞ്ഞൂര്‍ മധു എന്ന് അറിയപ്പെടുന്ന കെ.എന്‍ മധുസൂദനന്‍.
 
🗞🏵 ഉത്തർപ്രദേശിൽ ചോദ്യത്തിനു ഉത്തരം പറയാതിരുന്ന ഹിന്ദു സഹപാഠിയെ തല്ലാൻ മുസ്‍ലിം വിദ്യാർഥിയോട് ആവശ്യപ്പെട്ട അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭാൽ ജില്ലയിലെ അസ്‍മോലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ദുഗവാർ ഗ്രാമത്തിലെ സ്വകാര്യ സ്കൂളിൽ ചൊവ്വാഴ്ചയാണു വിദ്യാർഥിക്കു നേരെ അതിക്രമം നടന്നത്. വിദ്യാർഥിയുടെ അച്ഛന്റെ പരാതിയില്‍ ഐപിസി സെക്ഷൻ 153 എ, 323 പ്രകാരം അധ്യാപിക ഷൈസ്തയെ പൊലീസ് അറസ്റ്റ് ചെയ്തതായി എഎസ്പി ശ്രിഷ് ചന്ദ്ര പറഞ്ഞു. 

🗞🏵 കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പു കേസിൽ അറസ്റ്റിലായ സിപിഎം അത്താണി ലോക്കൽ കമ്മിറ്റിയംഗവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആർ.അരവിന്ദാക്ഷന്റെ 90 വയസ്സുള്ള അമ്മ ചന്ദ്രമതിയുടെ പേരിലും അക്കൗണ്ടുണ്ടെന്ന് ഇഡിയുടെ കണ്ടെത്തൽ. പെരിങ്ങണ്ടൂർ ബാങ്കിലുള്ള അക്കൗണ്ടില്‍ 63.56 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. എന്നാൽ 1600 രൂപയുടെ ക്ഷേമപെൻഷൻ മാത്രമാണ് ഇവർക്കുള്ളത്. അക്കൗണ്ടിന്റെ നോമിനിയായി വച്ചത് കേസിലെ ഒന്നാം പ്രതിയായ സതീഷ്‌ കുമാറിന്റെ സഹോദരനെയാണെന്നും ഇഡി കണ്ടെത്തി. അരവിന്ദാക്ഷന്റെ ഭാര്യ ഷീല 85 ലക്ഷം രൂപയുടെ ബിസിനസ് ഇടപാട് അജിത്ത് മേനോൻ എന്ന എൻആർഐയുമായി നടത്തി. 

🗞🏵 ക്രൈസ്തവര്‍ക്കെതിരെയുള്ള മതപീഡനം ലോകവ്യാപകമായി ശക്തമായിക്കൊണ്ടിരിക്കുമ്പോഴും ബൈഡൻ ഭരണത്തിൽ അമേരിക്കയില്‍ അഭയം ലഭിച്ച ക്രൈസ്തവരുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സര്‍ക്കാരേതര സന്നദ്ധ സംഘടനകളാണ് “ക്ലോസ്ഡ് ഡോഴ്സ്” എന്ന പേരിലുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

🗞🏵 ഹോങ്കോങ്ങ് ദിനപത്രമായ ആപ്പിള്‍ ഡെയിലിയുടെ മുന്‍ എഡിറ്ററും, പ്രമുഖ ജനാധിപത്യവാദിയും കത്തോലിക്ക വിശ്വാസിയുമായ ജിമ്മി ലായിയെ ചൈന തടവിലാക്കിയിട്ട് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആയിരം ദിവസങ്ങള്‍ തികഞ്ഞു. അദ്ദേഹത്തിന്റെ വിചാരണ അകാരണമായി നീട്ടിവെക്കുന്നത് തുടര്‍ക്കഥയായിരിക്കുകയാണ്. ജനകീയ പ്രക്ഷോഭങ്ങളില്‍ പൗരന്മാര്‍ക്കൊപ്പം നിലക്കൊണ്ടതിന്റെ പേരില്‍ ഹോങ്കോങ്ങ് മെത്രാന്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്നിനൊപ്പം അറസ്റ്റിലായ വ്യക്തിയാണ് ജിമ്മി ലായി. ഹോങ്കോങ്ങിന്റെ ദേശീയ സുരക്ഷാ നിയമത്തിന്‍ കീഴില്‍ 2020 ഡിസംബറിലാണ് ജിമ്മി ലായി അറസ്റ്റിലാകുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...

എല്ലാവർക്കും നന്ദി; തോൽവിയിൽ പ്രതികരിച്ച് രമ്യ ഹരിദാസ്

ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പ്രതികരിച്ചു രമ്യ ഹരിദാസ്. 'ചേലക്കരയിൽ നല്ലൊരു...

ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിന്റെ തെളിവാണ് ചേലക്കരയിലെ തിളങ്ങുന്ന ജയമെന്ന് മുഖ്യമന്ത്രി പിണറായി...

നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങളുടെ ഫലമായുള്ള നൽകുന്ന സംഭാവനകൾ വേണ്ട: നിലപാട് കടുപ്പിച്ച് ഘാന മെത്രാൻ സമിതിയും

രാജ്യത്തെ നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സഭയ്ക്ക് നൽകുന്ന സംഭാവനകൾ...