ഭരണങ്ങാനം: പാലാ രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി, പാലാ സെന്റ് തോമസ് കോളേജ്, ഫെഡറൽ ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സി.ഇ.എ.പി (CEAP) സൂപ്പർ ഇന്റർ സ്കൂൾ ഫുട്ബോൾ ലീഗ് സീസൺ 2-ന് ആവേശകരമായ തുടക്കം. ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജോസ് കെ. മാണി എം.പി ലീഗിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
പാലാ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജോബി സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ ബെന്നിച്ചൻ പി.ഐ, പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി, പി.ടി.എ പ്രസിഡന്റ് ജോസ് ജെ. തയ്യിൽ, സ്റ്റാഫ് സെക്രട്ടറി റോബിൻ പോൾ എന്നിവർ പ്രസംഗിച്ചു.
മേഖലാ മത്സരങ്ങൾ ആരംഭിച്ചു ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പാലാ മേഖലാ മത്സരത്തിൽ പാലാ സെന്റ് തോമസ് ഹൈസ്കൂളും രാമപുരം സെന്റ് അഗസ്റ്റിൻ ഹൈസ്കൂളും ഏറ്റുമുട്ടി. പാലാ സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരം സമനിലയിൽ കലാശിച്ചു.
അരുവിത്തുറ മേഖലാ മത്സരം ഭരണങ്ങാനം സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളും ആതിഥേയരായ ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളും തമ്മിലായിരുന്നു മത്സരം. വിദ്യാർത്ഥികളിൽ കായികാഭിരുചിയും ടീം സ്പിരിറ്റും വളർത്തുന്നതിനും സ്കൂൾതല ഫുട്ബോൾ പ്രതിഭകൾക്ക് മികച്ച മത്സരവേദി ഒരുക്കുന്നതിനുമായാണ് ലീഗ് സംഘടിപ്പിക്കുന്നത്.
















