പാലാ: പാലാ ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാൾ ഡിസംബർ ഒന്ന് മുതൽ എട്ട് വരെ ആഘോഷിക്കും. പാലാ കത്തീഡ്രൽ, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി എന്നീ ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് തിരുനാൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഡിസംബർ ഒന്നിന് വൈകുന്നേരം 5.15-ന് ളാലം പഴയപള്ളിയിൽ വിശുദ്ധ കുർബാനയും ആറിന് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണവും നടക്കും. തുടർന്ന് ജൂബിലി ആഘോഷക്കമ്മിറ്റി പ്രസിഡന്റും കത്തീഡ്രൽ വികാരിയുമായ ഫാ. ജോസഫ് മലേപ്പറമ്പിൽ കൊടിയേറ്റ് നിർവ്വഹിക്കും. തിരുനാൾ ദിവസങ്ങളിൽ പുലർച്ചെ 5.30-നും വൈകുന്നേരം ആറിനും വിശുദ്ധ കുർബാനയും ലദീഞ്ഞും, വൈകുന്നേരം 5.30-ന് ജപമാലയും ഉണ്ടായിരിക്കും.
കലാസന്ധ്യയും സാംസ്കാരിക ആഘോഷങ്ങളും ഡിസംബർ ഒന്ന് മുതൽ വൈകുന്നേരങ്ങളിൽ തിരുക്കർമ്മങ്ങൾക്ക് ശേഷം അമലോത്ഭവ മാതാ ജൂബിലി നഗറിൽ കലാസന്ധ്യ അരങ്ങേറും. ഒന്നിന് രാത്രി 7-ന് സാംസ്കാരിക ആഘോഷങ്ങളുടെ ഉദ്ഘാടനവും 7.30-ന് വോയിസ് ഓഫ് കൊച്ചിന്റെ ഗാനമേളയും നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ കമൽ പ്രശാന്ത് മ്യൂസിക് ബാൻഡ് (ഡിസംബർ 2), കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസിന്റെ പുതിയ സൂപ്പർഹിറ്റ് നാടകം ‘മറിയം’ (ഡിസംബർ 3), കൊച്ചിൻ ഹാർമണിയുടെ മ്യൂസിക്കൽ ഷോ (ഡിസംബർ 4), കുന്തലക്കാടൻസ് ഫ്യൂഷൻ (ഡിസംബർ 6) എന്നിവ അരങ്ങേറും.
പ്രധാന തിരുനാൾ ദിനങ്ങളും പ്രദക്ഷിണവും ഡിസംബർ ഏഴിന് രാവിലെ 7.30-ന് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും. എട്ടിന് പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികളുടെ മരിയൻ റാലിയും വൈകുന്നേരം ആറിന് കത്തീഡ്രൽ പള്ളിയിൽ നിന്നും ളാലം പുത്തൻപള്ളിയിൽ നിന്നും കൊട്ടാരമറ്റം സാൻതോം കോംപ്ലക്സിലേക്ക് പ്രദക്ഷിണവും രാത്രി 8.15-ന് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണവും നടക്കും.
പ്രധാന തിരുനാൾ ദിനമായ ഡിസംബർ എട്ടിന് രാവിലെ 6.30-ന് വിശുദ്ധ കുർബാനയും ഒൻപതിന് പ്രസുദേന്തി സമർപ്പണവും നടക്കും. രാവിലെ 10-ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമ്മികത്വം വഹിച്ച് സന്ദേശം നൽകും. കത്തീഡ്രൽ, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി വികാരിമാർ സഹകാർമ്മികരാകും.
പാലാ ജൂബിലി ഘോഷയാത്രയും മത്സരങ്ങളും ഡിസംബർ എട്ടിന് ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ ജൂബിലി ആഘോഷക്കമ്മിറ്റി സംഘടിപ്പിക്കുന്ന പാലാ ജൂബിലി ഘോഷയാത്ര നടക്കും. സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് ളാലം പാലം ജംഗ്ഷനിലാണ് ഘോഷയാത്ര സമാപിക്കുക. വാദ്യമേളങ്ങളും കലാസാംസ്കാരിക ദൃശ്യരൂപങ്ങളും അണിനിരക്കുന്ന ഘോഷയാത്രയോടനുബന്ധിച്ച് ബൈബിൾ ടാബ്ലോ മത്സരവും ടൂവീലർ ഫാൻസിഡ്രസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ളാലം പഴയപള്ളി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. വൈകുന്നേരം അഞ്ചിന് പട്ടണ പ്രദക്ഷിണം ആരംഭിച്ച് രാത്രി എട്ടിന് കുരിശുപള്ളിയിൽ സമാപിക്കും. തുടർന്ന് മത്സരവിജയികൾക്ക് ഫാ. ജോസഫ് മലേപ്പറമ്പിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ഡിസംബർ ഒൻപതിന് രാവിലെ 5.30-ന് മരിച്ചവർക്കായുള്ള കുർബാനയ്ക്കും 11-ന് തിരുസ്വരൂപം പള്ളിയിൽ തിരികെ പ്രതിഷ്ഠിക്കുന്നതിനും ശേഷം ആഘോഷങ്ങൾക്ക് സമാപനമാകും.
കത്തീഡ്രൽ വികാരി ഫാ. ജോസഫ് മലേപ്പറമ്പിൽ, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, ളാലം പുത്തൻപള്ളി വികാരി ഫാ. ജോർജ് മൂലേച്ചാലിൽ, കുരിശുപള്ളി ഇൻ ചാർജ് ഫാ. ജോർജ് തറപ്പേൽ, ഫാ. ജോസഫ് തെങ്ങുംപള്ളിൽ, ഫാ. ജോസഫ് ആലഞ്ചേരിൽ, ഫാ. ജോബി കുന്നക്കാട്ട്, ഫാ. സെബാസ്റ്റ്യൻ ചാമക്കാലായിൽ, ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ഐസക് പെരിങ്ങാമലയിൽ, ഫാ. കുര്യാക്കോസ് കൂട്ടുങ്കൽ, കൈക്കാരന്മാരായ വി.ടി. ജോസഫ് താന്നിയത്ത്, ബിജു കൂട്ടിയാനിയിൽ, തങ്കച്ചൻ കാപ്പിൽ തുടങ്ങിയവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.
മീഡിയ അക്കാദമിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഫാ. ജോസഫ് മലേപ്പറമ്പിൽ, ഫാ. ജോസഫ് തടത്തിൽ, ഫാ. ജോർജ് മൂലേച്ചാലിൽ, ഫാ. ജോർജ് തറപ്പേൽ, ജൂബിലി ആഘോഷക്കമ്മിറ്റി ജനറൽ കൺവീനർ രാജേഷ് പാറയിൽ, കൈക്കാരന്മാരായ തങ്കച്ചൻ കാപ്പിൽ, വി.ടി. ജോസഫ് താന്നിയത്ത്, ബിജു കൂട്ടിയാനിയിൽ, ഷാജി ആവിമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
















