തിരുവനന്തപുരം: കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നതിനെതിരെ ശക്തമായ നിലപാടുമായി കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾ രംഗത്ത്. ഇനി മുതൽ പാർട്ടിയിലും മുന്നണിയിലും ചർച്ചകളില്ലാതെ തീരുമാനങ്ങൾ എടുക്കാൻ അനുവദിക്കില്ലെന്ന നിലപാട് കടുപ്പിക്കുകയാണ് നേതാക്കൾ. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകാൻ കെ.സി. വേണുഗോപാൽ പക്ഷം തീരുമാനിച്ചിട്ടുണ്ട്. ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളിലും പി.എസ്.സി, ദേവസ്വം ബോർഡ് നിയമനങ്ങളിലും അർഹമായ പരിഗണന ലഭിക്കാത്തതിൽ എ ഗ്രൂപ്പിനും വലിയ പരാതിയുണ്ട്.
തർക്കങ്ങൾക്കൊടുവിൽ കെ.സി. പക്ഷം തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ ഉമ്മൻ ചാണ്ടിക്കൊപ്പം നിലയുറപ്പിച്ച വിഭാഗത്തിന് കടുത്ത അമർഷമുണ്ട്. ബോർഡ്-കോർപ്പറേഷൻ ചർച്ചകളിൽ പ്രാതിനിധ്യമില്ലെന്നും പി.എസ്.സി, ദേവസ്വം നിയമനങ്ങളിൽ പരിഗണന ലഭിച്ചില്ലെന്നുമാണ് ഇവരുടെ പ്രധാന പരാതി. കോൺഗ്രസ് ഗ്രൂപ്പുകൾക്ക് പുറമെ ഘടകകക്ഷികളും മുഖ്യമന്ത്രിയുടെ പല തീരുമാനങ്ങളിലും അതൃപ്തിയിലാണ്.
അതേസമയം, കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ ശക്തമായി ഇടപെടാൻ ഒരുങ്ങുകയാണ് സണ്ണി ജോസഫ്. കെ.പി.സി.സി അധ്യക്ഷൻ ദുർബലനാണെന്ന വിമർശനം ഉയരുന്നതിനിടെ, താൻ അധ്യക്ഷനാണെങ്കിൽ കാര്യങ്ങളെല്ലാം അറിയണമെന്ന് സണ്ണി ജോസഫ് മന്ത്രിസഭാ യോഗത്തിൽ തറപ്പിച്ചു പറഞ്ഞതും ശ്രദ്ധേയമായി. എഴുതി തന്നാൽ ഇനി ഒപ്പിടില്ലെന്നും, ചർച്ചയില്ലാതെ ഒരു തീരുമാനവും അനുവദിക്കില്ലെന്നുമാണ് വി.ഡി. സതീശൻ വിരുദ്ധ ചേരികളുടെ ഉറച്ച തീരുമാനം.
എന്നാൽ, മന്ത്രിസഭയിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇത് വിധേയരുടെ ക്യാബിനറ്റ് അല്ലെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം. മുഖ്യമന്ത്രി ഏകപക്ഷീയമായി കാര്യങ്ങൾ നടപ്പാക്കുന്നുവെന്നതും ജി.എൻ.എ കരാറിൽ നിന്ന് പിൻവാങ്ങിയെന്നതുമെല്ലാം മാധ്യമ സൃഷ്ടിയാണെന്നും, വ്യത്യസ്തമായ അഭിപ്രായങ്ങൾ കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















