തിരുവനന്തപുരം: പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ ഒപ്പിട്ടത് അബദ്ധമായിരുന്നുവെന്ന സി.പി.ഐയുടെയും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെയും പ്രസ്താവന തള്ളി മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പദ്ധതിയിൽ ഒപ്പിട്ടതിൽ അബദ്ധം സംഭവിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്നും, ഒപ്പിടേണ്ടിവന്ന സാഹചര്യം നേരത്തെ ബോധിപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് കേരളത്തിന് ലഭിക്കാത്ത പ്രത്യേക സാഹചര്യത്തിലാണ് ധാരണാപത്രത്തിൽ ഒപ്പിട്ടതെന്ന് വി. ശിവൻകുട്ടി വിശദീകരിച്ചു. ഒപ്പുവെക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ നടത്തിയില്ല എന്നത് ശരിയാണെങ്കിലും, കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കിയ ശേഷമാണ് പദ്ധതിയിൽ നിന്ന് പിന്മാറിയത്. അബദ്ധത്തിൽ ഒപ്പിട്ടതാണെന്ന വാദം ശരിയല്ലെന്നും നിലപാട് പലതവണ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
നിലപാട് വ്യക്തമാക്കിയിട്ടും സി.പി.ഐ എന്തുകൊണ്ട് ഇത് ആവർത്തിക്കുന്നുവെന്ന് അറിയില്ലെന്ന് ശിവൻകുട്ടി വിമർശിച്ചു. കാവിവത്കരണം തടയാൻ സ്വീകരിച്ച നടപടികൾ എന്തുകൊണ്ട് സി.പി.ഐ പറയുന്നില്ലെന്നും, എപ്പോഴും പി.എം. ശ്രീ മാത്രം മനസ്സിൽ കൊണ്ടുനടക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് നിലവിലെ സർക്കാർ രൂപീകരിച്ച ഉപസമിതിയുടെ പ്രവർത്തനങ്ങൾ മരവിച്ചുകിടക്കുന്നതിലും വി. ശിവൻകുട്ടി വിമർശനമുന്നയിച്ചു.
പി.എം. ശ്രീയിൽ അബദ്ധത്തിൽ ഒപ്പിട്ടുപോയതാണെന്നും മന്ത്രിസഭയിൽ ചർച്ച നടത്തിയില്ലെന്നുമായിരുന്നു എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ചർച്ച നടത്താതെ ഒപ്പിട്ടത് ശരിയായില്ലെന്ന എൽ.ഡി.എഫ് നിലപാടിന്റെ അടിസ്ഥാനത്തിലാണ് അത് തിരുത്താൻ തീരുമാനിച്ചതെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
















