പാലാ: നാട്ടുകാരുടെ പരാതികൾ ഫലം കണ്ടു; പാലാ-രാമപുരം റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ വെട്ടിത്തെളിച്ച് അധികൃതർ. റോഡിന് ഇരുവശവും കാടും പടലും വളർന്ന് വീതി കുറഞ്ഞതിനെത്തുടർന്ന് ഈ പാതയിൽ അപകടങ്ങൾ തുടർക്കഥയായിരുന്നു. ഇതോടെ വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ സത്വര നടപടി സ്വീകരിച്ചത്.
മണ്ഡലകാലം ആരംഭിച്ചതോടെ കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്നും എത്തുന്ന ശബരിമല തീർത്ഥാടകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പ്രധാന പാതയാണിത്.
അപകടങ്ങൾ നിത്യസംഭവമായ സാഹചര്യത്തിൽ, ഈ റോഡിനെ നിർദ്ദിഷ്ട ഹൈ-ഫീൽഡ് ഹൈവേയിൽ ഉൾപ്പെടുത്തി അലൈൻമെന്റ് നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. ജോബിഷ് തേനാടികുളം, ജോഷി ജോസഫ് മാവേലിൽ, രാജേഷ് കൈപ്പനാനിയിൽ, ഹരികൃഷ്ണ കമ്പനിയിൽ, ജനീഷ് ബി. നായർ തെക്കേകളത്തിനാനിയിൽ, ടോബി ജോർജ് വെള്ളംകുന്നേൽ എന്നിവരാണ് പ്രസ്താവനയിലൂടെ ഈ ആവശ്യം ഉന്നയിച്ചത്.















