ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ നയതന്ത്ര ബന്ധം വഷളായി തുടരുന്നതിനിടെ, പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മസൂദ് മാലിക് ഈ മാസം ഇന്ത്യ സന്ദർശിക്കും. നവംബർ 20 മുതൽ 22 വരെ ഡൽഹിയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) ‘സിവിലൈസേഷണൽ ഡയലോഗ്’ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. ‘ഓപ്പറേഷൻ സിന്ദൂറി’ന് ശേഷം ഇതാദ്യമായാണ് ഒരു പാകിസ്ഥാൻ മന്ത്രി ഇന്ത്യയിലെത്തുന്നത്.
നിലവിലുള്ള കീഴ്‌വഴക്കങ്ങൾ അനുസരിച്ച് എസ്.സി.ഒയിലെ എല്ലാ അംഗരാജ്യങ്ങൾക്കും ഒക്ടോബർ 28-ന് ഇന്ത്യ ഔദ്യോഗിക ക്ഷണം അയച്ചിരുന്നു. എസ്.സി.ഒ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങൾ തമ്മിലുള്ള ബന്ധം വളർത്തുന്നതിനും പാകിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അടുത്ത വർഷം ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന എസ്.സി.ഒ ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യയുമായുള്ള സംഘർഷം ലഘൂകരിക്കാനുള്ള പാകിസ്ഥാന്റെ നീക്കമായാണ് മുസാദിക് മാലിക്കിന്റെ സന്ദർശനം വിലയിരുത്തപ്പെടുന്നത്.
2025 ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായത്. ഇതിന് തിരിച്ചടിയായി മെയ് ഏഴിന് ഇന്ത്യൻ സൈന്യം ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിക്കുകയും പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ തകർക്കുകയും ചെയ്തിരുന്നു. നാല് ദിവസം നീണ്ടുനിന്ന സൈനിക ഏറ്റുമുട്ടൽ മെയ് 10-ന് ഇരുരാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥർ തമ്മിലുണ്ടാക്കിയ ധാരണയെത്തുടർന്നാണ് അവസാനിച്ചത്. 2024 ഒക്ടോബറിൽ ഇസ്ലാമാബാദിൽ നടന്ന എസ്.സി.ഒ യോഗത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുത്തിരുന്നു.















