തിരുവനന്തപുരം: കെ.എസ്.ഇ.ബിയെയും വൈദ്യുതി വകുപ്പിനെയും മറികടന്ന് സ്വകാര്യ കമ്പനിയായ ജി.എൻ.എയിൽ (GNA) നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിൽ ദുരൂഹതയും അഴിമതി ആരോപണവും ശക്തമാകുന്നു. വിപണിയിൽ ഗുരുതര തിരിമറികൾ നടത്തിയതിന് മുൻപ് സെബി (SEBI) പിഴയും വിലക്കും ഏർപ്പെടുത്തിയ കമ്പനിയാണ് ജി.എൻ.എ എന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നതോടെ വിഷയം പുതിയ രാഷ്ട്രീയ പോരിലേക്ക് വഴിമാറി.
ഇന്ത്യൻ എനർജി എക്സ്ചേഞ്ച് (IEX) ഇടപാടിൽ വൻ ക്രമക്കേട് നടത്തുകയും, മാർക്കറ്റ് കപ്ലിംഗ് സംബന്ധിച്ച അതീവ രഹസ്യ വിവരങ്ങൾ 2025-ൽ ചോർത്തി അനധികൃത ലാഭമുണ്ടാക്കുകയും ചെയ്തതിന് ജി.എൻ.എയ്ക്കെതിരെ സെബിക്കും കേന്ദ്ര റെഗുലേറ്ററി കമ്മീഷനും പരാതി ലഭിക്കുകയും നടപടിയെടുക്കുകയും ചെയ്തിരുന്നു.
രാജ്യത്ത് 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഏത് വൈദ്യുതി വാങ്ങൽ കരാറുകൾക്കും ഇ-ടെൻഡറിംഗ് നിർബന്ധമാണെന്നിരിക്കെ, യാതൊരുവിധ നിബന്ധനകളും പാലിക്കാതെയാണ് സർക്കാർ കരാറിലേക്ക് നീങ്ങിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇത്തരം വിലക്കുകളും അന്വേഷണങ്ങളും നേരിടുന്ന കമ്പനിയുമായി കൈകോർത്ത് വൈദ്യുതി വാങ്ങൽ കരാറുമായി മുന്നോട്ടുപോകുന്നത് വൻ അഴിമതിയിലേക്കാണെന്ന് സി.പി.ഐ.എം കുറ്റപ്പെടുത്തി.
ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നിർദ്ദേശം തള്ളിയാണ് കുറഞ്ഞ നിരക്ക് അവകാശപ്പെട്ട് ജി.എൻ.എയ്ക്ക് കരാർ നൽകാൻ നീക്കം നടക്കുന്നത്. വിഷയം വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വൻ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവെക്കും.















