ന്യൂഡൽഹി: ഡൽഹിയിലെ വ്യാപാര മേഖലയിൽ കനത്ത നഷ്ടവും തടസ്സവുമുണ്ടാക്കിയ സംഭവത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ നേരിട്ട് ഉത്തരവാദിയാക്കി കൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT – കേറ്റ്). രാഹുൽ ഗാന്ധിക്ക് അയച്ച കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഉത്സവ സീസണിൽ തലസ്ഥാനത്ത് പ്രതിപക്ഷ സഖ്യം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും റാലിയും കാരണം ഡൽഹിയിലെ വ്യാപാര മേഖല പാടെ സ്തംഭിച്ചുവെന്നും കോടികളുടെ നഷ്ടമാണുണ്ടായതെന്നും കേറ്റ് കത്തിൽ കുറ്റപ്പെടുത്തി.
ദീപാവലി, ഭായ് ദൂജ് തുടങ്ങിയ ഉത്സവ സീസണിലെ പ്രധാന കച്ചവട സമയത്ത് റാലി നടത്തിയത് കച്ചവടക്കാരെയും സാധാരണക്കാരെയും ഒരുപോലെ ദുരിതത്തിലാഴ്ത്തിയെന്ന് വ്യാപാരി സംഘടന വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാലും ഗതാഗത തടസ്സം മൂലവും ഭൂരിഭാഗം കടകളും അടച്ചിടേണ്ടി വന്നത് വ്യാപാരികളുടെ ജീവിതമാർഗ്ഗത്തെ ബാധിച്ചുവെന്നും ഈ സാമ്പത്തിക നഷ്ടത്തിന് ഉത്തരവാദി രാഹുൽ ഗാന്ധിയാണെന്നും കേറ്റ് കത്തിൽ കടുപ്പിച്ചു പറയുന്നു.















