അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി ബഹളമുണ്ടാക്കിയ സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ വീണ്ടും രംഗത്ത്. പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവങ്ങളിൽ താൻ നിയമപരമായ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഏത് നിയമനടപടിയും നേരിടാൻ തയ്യാറാണെന്നും ശ്രീനാദേവി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോൺഗ്രസ് വനിതാ നേതാവിന്റെ പ്രതികരണം.
തനിക്കെതിരെ കഴിഞ്ഞകാലങ്ങളിൽ വ്യാജപ്രചരണം നടത്തിയ യൂട്യൂബർ അറസ്റ്റിലായ വിവരം അറിഞ്ഞാണ് സ്റ്റേഷനിൽ എത്തിയതെന്ന് അവർ പറഞ്ഞു.
“എന്നെ കഴിഞ്ഞ കാലങ്ങളിൽ അപരാധം പറഞ്ഞു പ്രചരിപ്പിച്ച ഒരു യൂട്യൂബർ അറസ്റ്റു ചെയ്യപ്പെട്ട കാഴ്ച മാന്യമായി ജീവിക്കുന്ന എന്റെ സ്ത്രീത്വത്തിനേറ്റ മുറിവ് ശമിപ്പിക്കുക തന്നെ ചെയ്തു. അതിൽ നിയമപരമായി ഒരു തെറ്റുമില്ല”- ശ്രീനാദേവി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, സ്റ്റേഷൻ പരിസരത്തുണ്ടായ സംഭവവികാസങ്ങളിൽ തങ്ങളുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ ഏത് നടപടിയും സ്വീകരിക്കാൻ ബാധ്യസ്ഥയാണെന്നും അവർ കൂട്ടിച്ചേർത്തു. സ്റ്റേഷനിൽ കയറി പൊലീസുകാരോട് പ്രകോപനപരമായി സംസാരിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് നേതാവിന്റെ ഈ വിശദീകരണം.















