ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സ്ഥാനത്തുനിന്ന് രാജിവെച്ച് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെളിവുകൾ ഓരോന്നായി പുറത്തുവരുമ്പോൾ അദ്ദേഹത്തിന് രാജി വെക്കേണ്ടി വരുമെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറവിൽ കഴിയാമെന്ന് കരുതിയാൽ നടക്കില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
മറ്റ് വഴികളെല്ലാം അടഞ്ഞതിനാലാണ് പ്രതിപക്ഷം ഒന്നടങ്കം ഡൽഹിയിൽ ഒരുമിച്ച് കൂടിയതെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ സംഘടിപ്പിച്ച പ്രതീകാത്മക പൊതു വിചാരണയിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.
2024-ലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത 130 മില്യൺ ആളുകളെയാണ് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയതെന്നും അവർ നിയമവിരുദ്ധ വോട്ടർമാരായിരുന്നോ എന്നും രാഹുൽ ഗാന്ധി ചോദിച്ചു. മോദിയെയും അമിത് ഷായെയും നേരിടാൻ പ്രതിപക്ഷത്തിനറിയാമെന്നും, എന്നാൽ അവരുടെ ആയുധമായി എക്കാലവും കഴിയാൻ തെരഞ്ഞെടുപ്പ് കമ്മീഷനാവില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്യാനുള്ള കാരണങ്ങൾ ചടങ്ങിൽ മല്ലികാർജുൻ ഖാർഗെ വിശദീകരിച്ചു. തുടർന്ന് ഗ്യാനേഷ് കുമാർ നിയമപരമായ വിചാരണ നേരിടണമെന്ന വിഷയം ഉന്നയിച്ച് പ്രതിപക്ഷം പ്രമേയം വോട്ടെടുപ്പിലൂടെ പാസാക്കി. സ്പീക്കറായിരുന്ന മീരാ കുമാർ നടപടികൾക്ക് നേതൃത്വം നൽകി. 250-ഓളം എം.പിമാർ ചടങ്ങിൽ പങ്കെടുത്തു.















