ന്യൂഡൽഹി: ദേശീയ യോഗ്യതാ പരീക്ഷയായ യു.ജി.സി നെറ്റ് (UGC NET) ഡിസംബർ സെഷനിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF), പിഎച്ച്.ഡി പ്രവേശനം എന്നിവ നിർണ്ണയിക്കുന്നതിനുള്ള ദേശീയതല പരീക്ഷയാണിത്.
ഡിസംബർ 14 മുതൽ 19 വരെയാണ് പരീക്ഷകൾ നിശ്ചയിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിട്ടായിരിക്കും (CBT) യു.ജി.സി നെറ്റ് നടത്തുന്നത്.















