ഇറാൻ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിലും അമേരിക്കയിലും കുതിച്ചുയർന്ന ഇന്ധനവില പിടിച്ചുനിർത്താൻ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലേക്ക് ഡീസൽ ഇറക്കുമതി ചെയ്യുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ
പുടിനുമായി ധാരണയിലെത്തിയതായി ട്രംപ് ഔദ്യോഗികമായി അറിയിച്ചു. ഇതിന്റെ ഭാഗമായി റഷ്യൻ ഇന്ധനത്തിന്മേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾ താൽക്കാലികമായി നീക്കി.
ധാരണ പ്രകാരം 3 ലക്ഷം ടൺ റഷ്യൻ ഡീസൽ അടിയന്തരമായി അമേരിക്കയിലെത്തിക്കും. അടുത്ത മാസത്തോടെ 5 ലക്ഷം ടൺ ഡീസൽ കൂടി ലഭ്യമാക്കാമെന്ന് റഷ്യ സമ്മതിച്ചതായി ട്രംപ് വ്യക്തമാക്കി. അമേരിക്കയിലെ കർഷകർ, ചരക്കുഗതാഗത രംഗത്തെ ട്രക്ക് ഡ്രൈവർമാർ എന്നിവർക്ക് ഭാരമാകുന്ന യാത്രാ-പ്രവർത്തനച്ചെലവ് കുറയ്ക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും ട്രംപ് അവകാശപ്പെട്ടു.















